കൊല്‍ക്കത്ത: നിര്‍ഭയ കൂട്ട ബലാത്സംഗം ഓര്‍മ്മപ്പെടുത്തി കൊണ്ട് പശ്ചിമ ബംഗാളില്‍ യുവതിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയും ചെയ്തു. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയില്‍ ശനിയാഴ്ച്ചയാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുടുംബത്തില്‍ നടക്കുന്ന ഭൂമി തര്‍ക്കത്തില്‍ പരിഹാരം കാണുന്നതിനുവേണ്ടി വീടിനടുത്തുള്ള കുളക്കടവില്‍ വരാന്‍ ബന്ധു യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കുളക്കടവിലെത്തിയ യുവതിയെ പ്രതി ബലാത്സംഗത്തിന് ഇരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു.
സംഭവത്തിന് ശേഷം വഴിയരികില്‍ ഉപേഷിച്ചു പോയ യുവതിയെ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് വീട്ടിലെത്തിച്ചത്. പിന്നീട് വീട്ടുകാര്‍ യുവതിയെ ജല്‍പായ്ഗുരി സര്‍ദാര്‍ ആശുപത്രിയില്‍ എത്തിച്ചു. യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കേസില്‍ പ്രതിയുടെ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
2012ല്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കൂട്ട ബലാത്സംഗം ഓര്‍മ്മപ്പെടുത്തും വിധമായിരുന്നു സംഭവം. 2012 ഡിസംബര്‍ 16ലാണ് ഫിസിയോതെറപ്പി വിദ്യാര്‍ത്ഥിനി ഡല്‍ഹിയിലെ ബസ്സില്‍വച്ച് ക്രൂര ബലാത്സംഗത്തിന് ഇരയായത്. രാത്രിയില്‍ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീര്‍ എന്‍ക്ലേവിലേക്ക് ബസില്‍ പോയ വിദ്യാര്‍ത്ഥിനിയെ ആറ് പേര് ചേര്‍ന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു. അതീവഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.