നാഗ്പൂര്‍: ഇന്ത്യയിലെ ജനങ്ങല്‍ ഭയക്കേണ്ടതില്ല, പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം നല്കാന് ആര്‍എസ്എസ് ശാഖകള്‍ക്ക് കഴിയുമെന്ന് നോബല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. ഇന്നത്തെ സമൂഹത്തില്‍ ജോലി സ്ഥലത്തും മറ്റ് പൊതുയിടങ്ങളിലും സ്ത്രീകള്‍ ഒരുപാട് ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഇത്തരം ചൂഷണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ആര്‍എസ്എസിന് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
‘ഭാരതമാതാവിനോടുള്ള കടുത്ത അനാദരവാണ്’ ഈ ചൂഷണങ്ങള്‍ക്കെല്ലാം കാരണമെന്ന് സത്യാര്‍ത്ഥി പറയുന്നു. ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള നവരാത്രി ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭാവി സംരക്ഷിക്കുവാനും, പുതു തലമുറയെ മുന്നോട്ട് നയിക്കുവാനും ആര്‍എസ്എസ് യുവാക്കള്‍ മുന്നോട്ട് വരണമെന്നും സത്യാര്‍ത്ഥി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളില്‍ ഉള്ള ആര്‍എസ്എസ് ശാഖകള്‍ ഈ ദൗത്യം ഏറ്റെടുത്താല്‍ വരും തലമുറ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ക്കെതിരെ പോരാടിയതിനു 2014ല്‍ നൊബേല്‍ സമ്മാനം ലഭിച്ച വ്യക്തിയാണ് കൈലാഷ് സത്യാര്‍ത്ഥി. കുട്ടികളെ ചൂഷണം ചെയ്ത് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നവര്‍ക്കെതിരെ ഗാന്ധിയന്‍ മാര്‍ഗത്തിലായിരുന്നു സത്യാര്‍ത്ഥിയുടെ പോരാട്ടം. സ്ത്രീകളെയും പെണ്‍കുട്ടികളെയും സംരക്ഷികേണ്ടവര്‍ തന്നെ അവരെ ഉപദ്രവിക്കുകയും, പീഡിപ്പിക്കുകയും, ബലാത്സംഗം ചെയ്യുന്നതിനെയും കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും സത്യാര്‍ത്ഥി പറഞ്ഞു. ലൈംഗിക ചൂഷണവും ഉപദ്രവങ്ങളും കാരണം പല പെണ്‍കുട്ടികളും പഠിത്തം അവസാനിപ്പിക്കുകയാണ്. എന്നാല്‍ നമ്മള് അതിനെതിരെ പ്രതികരിക്കേണ്ടതിനു പകരം മിണ്ടാതിരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.