ന്യൂഡല്‍ഹി: അമൃത്സര്‍ നഗരത്തെ നടുക്കിയ ട്രെയിന്‍ അപകടത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞ് ഇന്ത്യന്‍ റെയില്‍വെ. അപ്രതീക്ഷിതമായി നടന്ന അപകടത്തില്‍ അറുപതിലധികം പേരുടെ ജീവനാണ് ഒറ്റ നിമിഷത്തില്‍ പൊലിഞ്ഞത്. പരിപാടി സംഘടിപ്പിച്ച സ്ഥലം റെയില്‍വെയുടെ പരിധിയില്പ്പെട്ടതല്ലെന്നാണ് നിരത്തുന്ന വാദം.
സംഘാടകര്‍ ചടങ്ങ് സംബന്ധിച്ച് ഒരറിയിപ്പും നല്‍കിയിട്ടില്ലെന്നും വടക്കന്‍ റെയില്‍വെ വാക്താവ് ദീപക് കുമാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. റെയില്‍വെയില്‍ നിന്ന് യാതൊരു തരത്തിലുള്ള അനുമതികളും ആര്‍ക്കും നല്‍കിയിട്ടില്ല. പരിപാടികരുടെ സംഘാടകരോ ഭരണാധികാരികളോ ഒരു വിവരവും തങ്ങളെ അറിയിക്കുകയും ചെയ്തിട്ടില്ല. അപകടം നടന്ന സമയം റെയില്‍വെ ലെവല്‍ ക്രോസിങ് അടച്ചിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തെ തുടര്‍ന്ന് ലോക്കോ പൈലറ്റിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴര മണിയോടെയായിരുന്നു അപകടം. അമൃത്സറിലെ ജോടാ ഫാടകില് റെയില്വെപ്പാളത്തില് ദസറയുടെ ഭാഗമായുള്ള ‘രാവണ്‍ ദഹന്‍’ ചടങ്ങ് കണ്ടുകൊണ്ടിരിക്കുന്നവര്ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു. രാവണന്റെ കോലം കത്തിക്കുന്നതിനിടെ പടക്കത്തിന്റെ ഒച്ച കാരണം ട്രെയിനിന്റെ ശബ്ദം ആളുകള്‍ കേള്‍ക്കാതിരുന്നതാണ് വന്‍ ദുരന്തത്തിലേയ്ക്ക് വഴിവെച്ചത്.