ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇരുവരും നാറിയ രാഷ്ട്രീയമായി കളിക്കുകയാണെന്ന് തൃപ്തി തുറന്നടിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയും ആര്‍എസ്എസും എരിതീയില്‍ എണ്ണ ഒഴിക്കുകയാണ്. ശബരിമല വിഷയം കത്തിച്ച് എങ്ങനെയെങ്കിലും ഇടതുപക്ഷത്തില്‍ നിന്നും ഭരണം പിടിച്ചെടുക്കാനാണ് അവരുടെ നീക്കം.
അതിന് വേണ്ടി അവര്‍ എന്തുകളിയും കളിക്കും. ഇതെല്ലാം അവരുടെ രാഷ്ട്രീയ അജണ്ടയാണ്. ഹിന്ദുമതത്തിന്റെ വക്താക്കളായി ബിജെപിയും ആര്‍എസ്എസും സ്വയം അവരോധിക്കുകയാണ്. സുപ്രീംകോടതി ഉത്തരവ് ലംഘിക്കാനുള്ള അവകാശം അവര്‍ക്ക് ആരാണ് നല്‍കിയത്? കോടതി വിധി ലംഘിച്ച ശബരിമല തന്ത്രി നിയമ നടപടി നേരിടേണ്ടി വരുമെന്നും തൃപ്തി ദേശായി പറഞ്ഞു.
ഈ വിഷയത്തില്‍ മോഡിയുടെ മൗനം എന്തുകൊണ്ടാണെന്ന് തൃപ്തി ചോദിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകരെ വരെ ശബരിമലയില്‍ കയറാന്‍ അനുവദിക്കുന്നില്ല. മോഡി ഇതിനെ പിന്തുണയ്ക്കുകയാണോ അല്ലയോ എന്നാണ് അറിയേണ്ടത്. വിവാദങ്ങള്‍ എന്തെല്ലാം ഉണ്ടായാലും അടുത്തമാസം ശബരിമലയില്‍ എത്തിയിരിക്കും. ആ തീരുമാനത്തില്‍ മാറ്റമില്ല. ഞാന്‍ തനിച്ചായിരിക്കില്ല അവിടെ എത്തുക. മൗനം പാലിക്കാന്‍ ഞാന്‍ ഒരുക്കമല്ല.- തൃപ്തി ദേശായി തുറന്നടിച്ചു.