ജയ്പൂര്‍: രാജസ്ഥാനില്‍ സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 109 ആയി. ജയ്പൂരില്‍ മാത്രം ഒമ്പതോളം പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്താകെ 91 രോഗികള്‍ ചികിത്സയെ തുടര്‍ന്ന് രോഗത്തെ അതിജീവിച്ച് വരുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
സംസ്ഥാന തലസ്ഥാനത്തുള്ള ശാസ്ത്രി നഗര്‍ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിത പ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 21നാണ് രാജസ്ഥാനില്‍ ആദ്യത്തെ സിക്ക ബാധ റിപ്പോര്‍ട്ട് ചെയ്തത്.
രോഗം വ്യാപിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ വിദഗ്ധ സംഘത്തെ സംസ്ഥാനത്തേക്കയച്ചിരുന്നു. ഈ സംഘത്തിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള കൊതുകു നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.