പാറ്റ്ന: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ നിയമം നിര്‍മിക്കണമെന്ന ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിനു മറുപടിയുമായി നിതീഷ് കുമാറിന്റെ ജെഡിയു. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ഇപ്പോള്‍ കുത്തിപ്പൊക്കേണ്ട കാര്യമില്ലെന്നും വിധി വന്നു കഴിഞ്ഞാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതിനെ ബഹുമാനിച്ചാല്‍ മതിയെന്നും ജെഡിയു ജനറല്‍ സെക്രട്ടറി കെ.സി.ത്യാഗി പറഞ്ഞു.
ഒന്നുകില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെയോ അല്ലെങ്കില്‍ സുപ്രീം കോടതി വിധിയിലൂടെയോ മാത്രമേ വിഷയം പരിഹരിക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നു മോഹന്‍ ഭഗവത് വിജയദശമി ദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
ഇന്ത്യയെ ഭിന്നിപ്പിക്കാതെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്ന സര്ക്കാരിനൊപ്പമാണു നില്‍ക്കേണ്ടത്. റഫാല്‍ ഇടപാടില്‍ അഴിമതി ആരോപണം നേരിടുന്ന കേന്ദ്ര സര്‍ക്കാരിന് ആര്‍എസ്എസ് തലവന്‍ പിന്തുണ പ്രഖ്യാപിച്ചു.
പ്രതിരോധ ആയുധ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത നേടാതെ വിദേശത്തുനിന്ന് ആയുധം വാങ്ങുന്നത് ഇന്ത്യയ്ക്ക് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും ചട്ടങ്ങള്‍ അനുസരിച്ച് ഇതു തുടരണമെന്നും ആര്‍എസ്എസ് തലവന്‍ പറഞ്ഞു.