ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ കൊടിപിടിച്ചു സമരം വേണ്ടെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നേതാക്കള്‍ പ്രകോപനപരമായ സമരരീതികളിലേക്കു കടക്കരുതെന്നും ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കള്‍ക്കു രാഹുല്‍ ഗാന്ധി കര്‍ശന നിര്‍ദേശം നല്കി. തീവ്രസമരം കോണ്‍ഗ്രസ് നിലപാടിനു വിരുദ്ധമാണ്. ആചാരങ്ങളെ പിന്തുണയ്ക്കുന്ന സ്ത്രീകളുടെ വികാരവും മാനിക്കണമെന്നു രാഹുല്‍ നിര്‍ദേശിച്ചു.
വിഷയത്തില്‍ സമരവും തുടര്‍നടപടികളും ചര്‍ച്ച ചെയ്യുന്നതിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച രാഹുലിനെ കണ്ടത്. ശബരിമല വിഷയത്തില്‍ എഐസിസിയുടെയും കെപിസിസിയുടെയും നിലപാടുകള്‍ തമ്മില്‍ വൈരുധ്യമില്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രന് കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു.
സംസ്ഥാനത്തെ അവസ്ഥ രാഹുല്‍ ഗാന്ധിയുമായി വിശദമായി ചര്‍ച്ച ചെയ്തതായി രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനില്ല എന്ന നിലപാടും നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. സമരത്തിനായി ഹൈക്കമാന്‍ഡ് അനുമതി തേടിയിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചു.