ന്യൂഡല്‍ഹി: ആധാര്‍ തിരിച്ചറിയല്‍ രേഖയായി നല്കി വാങ്ങിയ സിം കാര്‍ഡുകള്‍ റദ്ദാക്കില്ല. ടെലികോം വകുപ്പും യുഐഡിഎഐയും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് അറിയിച്ചത്. സിം കാര്‍ഡുകള്‍ നല്‍കാനായി ആധാര്‍ ആവശ്യമില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നല്കിയ സിം കാര്‍ഡുകള്‍ വിച്ഛേദിക്കാന്‍ കോടതി പറഞ്ഞിട്ടില്ല.
എന്നാല്‍ മൊബൈല്‍ കമ്പനികള്‍ക്ക് ആധാര്‍ മാറ്റി പകരം മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ നല്‍കണോ എന്ന കാര്യം ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം ആധാര്‍ ഡിലിങ്ക് ചെയ്യാന്‍ താല്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കമ്പനികളെ സമീപിച്ച് അപേക്ഷയും മറ്റു തിരിച്ചറിയല്‍ രേഖകളും നല്‍കാമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
മൊബൈല്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ ഉപഭോക്താക്കള്‍ മറ്റ് തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങളില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ടെലികോം വകുപ്പ് അറിയിച്ചു.