ന്യൂഡല്‍ഹി: കീറിയ നോട്ടുകള്‍ മാറ്റി വാങ്ങുന്നവര്‍ ശ്രദ്ധിക്കൂ..! കീറിയതും കേടുവന്നതുമായ കറന്‍സികള്‍ക്ക് മുഴുവന്‍ തുകയും ലഭിക്കാന്‍ നോട്ടിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 88 മുതല്‍ 31 ശതമാനം(2000ത്തിന് 88 ശതമാനം വേണമെങ്കില്‍ ഒരു രൂപയ്ക്ക് 31ശതമാനം മതി)വരെ ഭാഗങ്ങള്‍ വേണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. അതില്‍ താഴെയുള്ളവയ്ക്ക് പകുതി മൂല്യവുമാണ് ലഭിക്കുക.
എന്നാല്‍ ചില ബാങ്കുകളില്‍ ഇത് അളന്നുതിട്ടപ്പെടുത്തുന്ന അപാകംമൂലം നോട്ട് കൊടുക്കുന്നവര്‍ക്ക് പകുതി പണം മാത്രമേ ലഭിക്കൂ. 2000 രൂപയുടെ കേടുവന്ന നോട്ടിന് കീറല്‍ കഴിച്ച് 88 ശതമാനം ബാക്കിയുണ്ടെങ്കില്‍ മുഴുവന്‍ തുകയും നല്‍കണം. 44 ശതമാനംമാത്രമേ ഉള്ളൂവെങ്കില്‍ പകുതിയും. 500ന്റേതിന് യഥാക്രമം 80ഉം 40ഉം ആണ്. പുതിയ നൂറിന് 75-38, പഴയ നൂറിന് 92-46 എന്നിങ്ങനെയുമാണ് കണക്ക്.
കുറച്ചുഭാഗമാണ് കീറിയിട്ടുള്ളതെങ്കിലും അത് നമ്പറുള്ള ഭാഗമാണെന്നും മറ്റുമുള്ള കാരണങ്ങള്‍ പറഞ്ഞ് പകുതി തുകമാത്രം നല്‍കുകയാണെന്നാണ് ഇടപാടുകാരുടെ പരാതി. നേരത്തെ എസ്ബിഐ, എസ്ബിടി തുടങ്ങിയ പൊതുമേഖല ബാങ്കുകള്ക്കുമാത്രമായിരുന്നു ഇത്തരം നോട്ട് മാറിനല്കാന് കഴിഞ്ഞിരുന്നത്. പുതിയ നിര്‍ദേശമനുസരിച്ച് സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള മിക്ക ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും നോട്ടുകള്‍ മാറിനല്കാം.