മുംബൈ: മോഡിലിംഗ് രംഗത്ത് ചുവടുറപ്പിച്ച യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരുപതുകാരനായ സുഹൃത്ത് അറസ്റ്റില്‍. രാജസ്ഥാനില്‍ നിന്ന് മോഡലിങ്ങിനായി മുംബൈയിലെത്തിയ മാനസി ദീക്ഷിത് (20) ആണ് കൊല്ലപ്പെട്ടത്. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട മുസമില്‍ സെയ്ദിനെ കാണാന്‍ തിങ്കളാഴ്ച അന്ധേരിയിലെ ഫ്ളാറ്റിലെത്തിയതായിരുന്നു മാനസി.
സൗഹൃദ സംസാരത്തിനിടെ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ സെയ്ദ് മാനസിയുടെ തലയില്‍ ചുറ്റിക കൊണ്ടടിക്കുകയായിരുന്നു. അതിനു ശേഷം കഴുത്തില്‍ കയര്‍ മുറുക്കി മരണം ഉറപ്പാക്കി. ശേഷം മൃതശരീരം സ്യൂട്ട്കേസിനുള്ളിലാക്കി ടാക്സിയില്‍ അന്ധേരിയില്‍ നിന്ന് മലാഡിലെത്തിച്ച ശേഷം മൈന്‍ഡ് സ്പേസില്‍ ഉപേക്ഷിക്കുകയായിരുന്നു. അതിനു ശേഷം ഓട്ടോറിക്ഷയില്‍ കയറി പോയി.
വിമാനത്താവളത്തിലേക്കെന്ന് ടാക്സി ഓണ്‍ലൈനായി ബുക്ക് ചെയ്ത സെയ്ദിന്റെ ഈ പ്രവൃത്തിയില്‍ സംശയം തോന്നിയ ടാക്സി ഡ്രൈവര്‍ വിവരം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മാനസിയുടെ മൃതശരീരം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിലൂടെ സെയ്ദിന്റെ ഓട്ടോറിക്ഷയാത്ര പിന്തുര്‍ന്ന പോലീസ് അയാളെ പിടികൂടുകയായിരുന്നു. സെയ്ദ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.