ന്യൂഡല്‍ഹി: കോഹിന്നൂര്‍ രത്നം ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതല്ലെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര പുരാവസ്തു വകുപ്പ്. ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യ ഇഷ്ടാനുസരണം അടിയറ വച്ചതാണെന്നും വകുപ്പ് വ്യക്തമാക്കി. വിവരാവകാശ പ്രവര്‍ത്തകനായ രോഹിത് സഭര്‍വാള്‍ വിവരാവകാശനിയമ പ്രകാരം നല്കിയ അപേക്ഷയ്ക്ക് മറുപടിയായാണ് പുരാവസ്തു വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ബ്രിട്ടനില്‍ സൂക്ഷിച്ചിരിക്കുന്ന കോഹിന്നൂര്‍ രത്നം തിരിച്ചു കൊണ്ടു വരാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിന് കടകവിരുദ്ധമാണെന്നാണ് വകുപ്പിന്റെ നിലപാട്. കോഹിന്നൂര്‍ രത്നം ബ്രിട്ടീഷുകാര്‍ക്ക് കൈമാറിയത് സമ്മാനമായാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സഭര്‍വാള്‍ അപേക്ഷ നല്‍കിയത്.
1849ല്‍ ഡല്‍ഹൗസി പ്രഭുവും പഞ്ചാബിലെ രാജാവായിരുന്ന ദുലീപ് സിംഗും ഒപ്പുവച്ച ലാഹോര്‍ ഉടമ്പടി പ്രകാരം കോഹിന്നൂര്‍ രത്നം ലാഹോര്‍ മഹാരാജാവ് ഇംഗ്ലണ്ടിലെ രാജ്ഞിക്ക് മുന്നില്‍ അടിയറവയ്ക്കുകയായിരുന്നു. ആംഗ്ളോ-സിക്ക് യുദ്ധത്തിലുണ്ടായ ചെലവ് നികത്തുന്നതിനുള്ള നഷ്ടപരിഹാരമായിരുന്നു ഇതെന്നും പുരാവസ്തു വകുപ്പ് വിശദീകരണം നല്കി.
കോഹിന്നൂര്‍ രത്നം ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതല്ലെന്നും സിഖ് ഭരണാധികാരിയായ രഞ്ജിത് സിംഗിന്റെ പിന്മുറക്കാര് സമ്മാനമായി ഈസ്റ്റിന്ത്യാ കമ്പനിക്ക് നല്‍കിയതാണെന്നും അതിനാല്‍ അവകാശവാദം ഉന്നയിക്കാനാകില്ലെന്നും നേരത്തെ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെ സഖ്യകക്ഷികളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് രത്നം തിരിച്ചു കൊണ്ടുവരാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്.