മുംബൈ: അന്വേഷിച്ച് നടന്ന ആന്ധ്ര മുഖ്യമന്ത്രിയെ ഒടുവില്‍ കണ്ടെത്തിയ സന്തോഷത്തിലാണ് പ്രശസ്ത സംവിധായകന് രാം ഗോപാല്‍ വര്‍മ്മ. ആന്ധാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തനി പകര്‍പ്പായ ഒരു ചായക്കടക്കാരനെ തേടി നടക്കുകയായിരുന്നു അദ്ദേഹം. അയാളെ കണ്ടെത്തുന്നയാള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും സംവിധായകന് പ്രഖ്യാപിച്ചിരുന്നു.
ഇപ്പോള്‍ ഈ ചായക്കടക്കാരനെ കണ്ടു പിടിച്ച യുവാവായ രോഹിതിന് ഫേസ്ബുക്കിലൂടെ നന്ദി പറഞ്ഞിരിക്കുകയാണ് അദ്ദേഹം. രാം ഗോപാല്‍ ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആളെ കണ്ടുപിടിച്ചു. ടെലിവിഷന്‍ ജോലിക്കാരനായ രോഹിത് മുട്ട്യാല ആയിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്.
ഒരു സാധാരണ ചായക്കടയില്‍ ആഹാരം വിളമ്പിക്കൊടുക്കുന്ന ആളുടെ വീഡിയോ ഷെയര്‍ ചെയ്താണ് രാം ഗോപാല്‍ വര്‍മ്മ ഇക്കാര്യം അറിയിച്ചത്. ചന്ദ്രബാബു നായിഡുവിന്റെ തനി സ്വരൂപമായിരുന്നയാളെ കണ്ടുപിടിക്കാന്‍ സഹായിക്കണമെന്നും കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നുമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നത്.