ന്യൂഡല്‍ഹി: മീ ടു ആരോപണത്തില്‍ തനിക്കെതിരേ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത കേന്ദ്രമന്ത്രി എംജെ അക്ബറിനു മറുപടിയമായി മാധ്യമപ്രവര്‍ത്തക പ്രിയ രമാനി. പോരാടാന്‍ താന്‍ ഒരുക്കമാണെന്നും സത്യമാണ് തന്റെ പരിചയെന്നും പ്രിയ ട്വിറ്ററില്‍ പങ്കുവച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
ആരോപണം ഉന്നയിച്ച സ്ത്രീകളുടേത് രാഷ്ട്രീയ ഗൂഡാലോചനയാണെന്ന മന്ത്രിയുടെ വാദം നിരാശപ്പെടുത്തുന്നതാണെന്നും തുറന്നുപറച്ചില്‍ നടത്തുന്നവരെ ഉപദ്രവിച്ച് നിശബ്ദരാക്കാനാണു മന്ത്രി ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
മീ ടൂ കാമ്പെയ്ന്റെ ഭാഗമായി ആരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക പ്രയാ രമണിയടക്കം 11 സ്ത്രീകള്‍ക്കെതിരേയാണ് എം.ജെ.അക്ബര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പ്രിയാ രമണിയാണ് അക്ബറിനെതിരെ ആദ്യം മീ ടൂ കാന്പയിനിലൂടെ ലൈംഗികാരോപണം ഉന്നയിച്ചത്. 1997 നടന്ന സംഭവമാണ് ഇതിലൂടെ രമണി പരാമര്‍ശിച്ചത്.
14 വനിതാ മാധ്യമ പ്രവര്‍ത്തകരാണ് അക്ബറിനെതിരേ ഇതേവരെ ആരോപണം ഉന്നയിച്ചിട്ടുള്ളത്. സിഎന്‍എന്‍ റിപ്പോര്‍ട്ടറായ മജ്ലീ ഡി പീകാംപ് എന്ന അമേരിക്കക്കാരിയാണ് ഏറ്റവുമൊടുവില്‍ അക്ബറിനെതിരേ രംഗത്തെത്തിയത്. അതേസമയം നൈജീരിയന്‍ സന്ദര്‍ശനം മതിയാക്കി ഞായറാഴ്ച ഡല്‍ഹിയില്‍ മടങ്ങിയെത്തിയ അക്ബര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.