ന്യൂഡല്‍ഹി: മീ ടൂ ക്യാംപെയിനില്‍ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിന്റെ രാഷ്ട്രീയ ഭാവി തുലാസില്‍ നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്യാംപെയിനില്‍ ലൈംഗിക ഉപദ്രവം തുറന്നു പറഞ്ഞ പ്രിയാ രമണിക്കെതിരെ എംജെ അക്ബര്‍ അപകീര്‍ത്തി കേസ് നല്കി.
മുഖംരക്ഷിക്കാനുള്ള നടപടിയാണെന്ന് ഇതിനോടകം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഡല്‍ഹി പട്യാല കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വിദേശ വനിതയടക്കം ഒരു ഡസനിലധികം സ്ത്രീകള്‍ മീ ടൂ കാമ്പയിനിലൂടെ എംജെ അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. പ്രിയാ രമണിയായിരുന്നു ആദ്യം രംഗത്തെത്തിയത്.
ഒരാഴ്ച നീണ്ട വിദേശ പര്യടനത്തിന് ശേഷം ഞായറാഴ് തിരിച്ചെത്തിയ എംജെ അക്ബര്‍ തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യം ആരോപണം ഉന്നയിച്ച പ്രിയാ രമണിക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയിരിക്കുന്നത്.