ന്യൂഡല്‍ഹി: യാത്രയ്ക്കിടെ റെയില്‍വെ സംബന്ധമായ എന്ത് പരാതിയും ഇനി ആപ്പ് വഴി നല്‍കാം. ഓടുന്ന ട്രെയിനില്‍ വെച്ച് പരാതി നല്‍കാനുള്ള സംവിധാനമൊരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. റെയില്‍വെ സംബന്ധമായും സുരക്ഷാപ്രശ്നങ്ങളെപ്പറ്റിയും പരാതി നല്‍കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയതായി റെയില്‍വെ ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.
പുതുതായി തയ്യാറാക്കിയ ആപ്ലിക്കേഷന്‍ വഴിയാണ് പുതിയ സംവിധാനം. സീറോ എഫ്ഐആര്‍ ആയി പരിഗണിക്കുന്ന ഇത്തരം പരാതികള്‍ ഉടന്‍ അന്വേഷിച്ച് തുടര്‍നടപടി കൈക്കൊള്ളുമെന്ന് ആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ അരുണ്‍കുമാര്‍ പറഞ്ഞു.
പദ്ധതി നടപ്പാക്കുക വഴി പരാതി നല്കാന് അടുത്ത സ്റ്റേഷന്‍വരെ യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടിവരില്ലെന്നും സഹായിക്കാന്‍ ആര്‍പിഎഫ് ഉടനെത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സ്ത്രീകള്‍ക്കായി അപകടസൈറണും ആപ്പിലുണ്ട്. ട്രെയിന്‍ യാത്രയ്ക്കിടെ കവര്‍ച്ചയും മറ്റു സുരക്ഷാപ്രശ്നങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നത്.