ബംഗളൂരു: സ്കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്തികള്‍ക്ക് മുന്നില്‍വച്ച് ആറംഗ സംഘം വെട്ടിക്കൊന്നു. ദസറഹള്ളിയിലെ ഹവനൂര്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ രംഗനാഥ് (60) ആണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്തികള്ക്കുവേണ്ടി ഞായറാഴ്ച സ്പെഷ്യല്‍ ക്ലാസ് എടുക്കുന്നതിനിടെ സ്കൂളിലെത്തിയ ആറംഗ സംഘമാണ് പ്രിന്‍സിപ്പലിനെ വെട്ടിക്കൊന്നത്. ഇതിനുശേഷം അക്രമിസംഘം കാറില്‍ സംഭവ സ്ഥലത്തുനിന്ന് കടന്നു.
പോലീസ് നടത്തിയ അന്വേഷണത്തിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളെ മഹാലക്ഷ്മി ലേഔട്ട് ഏരിയയില്‍നിന്ന് പോലീസ് പിന്നീട് പിടികൂടി. പിടികൂടാനെത്തിയ സംഘത്തെ അക്രമിക്കാന്‍ ഇയാള്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലീസിന് വെടിവെക്കേണ്ടിവന്നു. കാലിന് വെടിയേറ്റ ഇയാളെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂള്‍ കെട്ടിടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
സ്കൂളിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചശേഷമാണ് അക്രമി സംഘം സ്കൂളിനുള്ളില്‍ കടന്നത്. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് സ്കൂള്‍ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് വിമുക്തരാകാത്തതിനാല്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ ശേഖരിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.