ന്യൂഡല്‍ഹി: മീ ടു ക്യാംപെയിനില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഇന്ന് നടപടിയുണ്ടായേക്കുമെന്ന് സൂചന. ഇന്ന് മന്ത്രി ഡല്ഹിയിലെത്തരും. ഇതേ തുടര്‍ന്നാണ് നടപടിയ്ക്കൊരുങ്ങുന്നത്. സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്ന വേദിയാണ് മീ ടൂ. ഇതലൂടെയാണ് അക്ബറിന്റെ മറ്റൊരു മുഖം സ്ത്രീകള്‍ പുറത്തെത്തിച്ചത്. പത്തോളം വനിതകളാണ് മന്ത്രിയ്ക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്.
ആരോപണങ്ങള്‍ ഉന്നയിച്ചവരില്‍ അധികവും മാധ്യമരംഗത്തുനിന്നുള്ള സ്ത്രീകളാണ്. ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ, പര്യടനം വെട്ടിക്കുറച്ച് തിരികെയെത്താന്‍ അക്ബറിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണങ്ങളായതിനാല്‍ അക്ബറിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. വിഷയത്തില്‍ അന്തിമതീരുമാനം എടുക്കുക പ്രധാനമന്ത്രി നരേന്ദ്ര മോഡിയാകുമെന്ന് ഉന്നതവൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ എട്ടിന് മാധ്യമപ്രവര്‍ത്തക പ്രിയാ രമണിയുടെ ട്വീറ്റിലൂടെയാണ് അക്ബറിനെതിരായ വെളിപ്പെടുത്തലുകള്‍ ആരംഭിച്ചത്. അക്ബറിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രി സഭയിലെ അംഗങ്ങളില്‍ പലരും വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.