ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി ബോളിവുഡ് നടി സ്വര ഭാസ്കര്‍. മീ ടൂവിന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് താരം രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ‘ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാകുമ്പോള്‍ മറ്റ് നേതാക്കളെല്ലാം മൗനം പാലിക്കുകയായിരുന്നു.
രാഹുല്‍ മാത്രമാണ് മീ ടൂവിന് പിന്തുണ പ്രഖ്യാപിച്ചത്’. മറ്റുള്ള നേതാക്കള്‍ രാഹുലിനെ പിന്തുടരണമെന്നും സ്വര ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ‘സ്ത്രീകളെ അന്തസോടെയും അതിലുപരി ബഹുമാനത്തോടെയും സമീപിക്കേണ്ടതിനെ കുറിച്ച് ഏവരും പഠിക്കേണ്ടിയിരിക്കുന്നു. സത്യം വിളിച്ചുപറയാനായി സ്ത്രീകള്‍ മുന്നോട്ടുവരുന്നതില്‍ ഏറെ സന്തോഷമുണ്ട്- ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്.
അതേസമയം, ‘മീ ടൂ’ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ പരാതികള്‍ അന്വേഷിക്കുന്നതിനായി കേന്ദ്രമന്ത്രി മേനകാ ഗാന്ധി പ്രത്യേക സമിതിയെ നിയമിച്ചു. നാലു മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട സംഘമാണ് സ്ത്രീകളുടെ പരാതികള്‍ അന്വേഷിക്കുക. മീ ടൂ ക്യാംപെയ്നില്‍ വന്ന എല്ലാ വെളിപ്പെടുത്തലുകളും സംഘം പരിശോധിക്കും.