ന്യൂഡല്‍ഹി: മീ ടു ക്യാംപെയിനിലെ വെളിപ്പെടുത്തലില്‍ കുരുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെയുള്ള നടപടി അന്വേഷണത്തിനു ശേഷമുണ്ടാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആരോപണങ്ങള്‍ ശക്തമാകുമ്പോഴും മൗനം പാലിക്കുകയായിരുന്നു നേതൃത്വം. എന്നാല്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി ആരോപണങ്ങള്‍ വരുന്ന സാഹചര്യത്തിലാണ് മൗനം വെടിഞ്ഞ് അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്.
‘നമുക്ക് നോക്കാം അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്ന്. ആരോപണങ്ങളും അത് ഉന്നയിക്കപ്പെട്ടവരെയും കൂടുതല്‍ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങള്‍ക്ക് എന്റെ പേര് പറഞ്ഞ് എന്തും എവിടെയും പോസ്റ്റ് ചെയ്യാം. പക്ഷേ അതിന്റെ സത്യാവസ്ഥ തിരിച്ചറിയപ്പെടേണ്ടതാണ്’ -അമിത് ഷാ വ്യക്തമാക്കി. വിവാദത്തില്‍ ആദ്യ പ്രതികരണമാണ് ബിജെപിയുടേത്. ആര്‍ക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കപ്പെടാവുന്ന ഒരു വേദിയായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
വിവാദത്തില്‍ പരോക്ഷമായി അനുകൂലിച്ചും പ്രതികൂലിച്ചുമായിരുന്നു നേതാവിന്റെ പ്രതികരണം. അക്ബറിനെതിരെ പരാതിയുമായി കഴിഞ്ഞ ദിവസം കൊളബിയന്‍ മാധ്യമപ്രവര്‍ത്തകയും രംഗത്തെത്തി. ഇതോടുകൂടി അക്ബറിനെതിരായ എട്ടാമത്തെ ലൈംഗിക പീഡന പരാതിയാണ് ലഭിക്കുന്നത്. 2007ല്‍ ഏഷ്യന്‍ ഏജ് പത്രത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ അക്ബര്‍ മോശമായി പെരുമാറി എന്നാണ് ഇപ്പോള്‍ അമേരിക്കയിലുള്ള യുവതി പറയുന്നത്.