മുംബൈ: ഒന്‍പതു പേരുടെ ജീവനെടുത്ത് വിലസുന്ന പെണ്‍കടുവയെ ഭയന്ന് ജനങ്ങള്‍. മഹാരാഷ്ട്രയിലെ പാന്ധര്കവടയിലാണ് സംഭവം. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അധികൃതര്‍ക്ക് കടുവയെ പിടികൂടാനാകാത്തതും ആശങ്ക ഇരട്ടിയാക്കുന്നു. മരണഭീതിയോടെയാണ് ഇവിടുത്തെ ജനങ്ങള്‍ ഓരോ ദിവസവും തള്ളി നീക്കുന്നത്.
‘ടി വണ്‍’ എന്നാണ് കടുവയ്ക്ക് പേരു നല്‍കിയിരിക്കുന്നത്. പാരാ ഗ്ലൈഡറുടെ സഹായം മുതല്‍ പെര്‍ഫ്യൂം ഉപയോഗിച്ച് വരെ കടുവയെ ആകര്‍ഷിച്ചു പിടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കൂടാതെ നായകളുടെയും ഡ്രോണുകളുടെയും സഹായവും തേടി. എന്നാല്‍ ഇതുവരെ കടുവയെ കണ്ടെത്താനായിട്ടില്ല.
വെരുക് പുറപ്പെടുവിക്കുന്ന കസ്തൂരിയുടേതിന് സമാനമായ ഗന്ധമുള്ള കൃത്രിമവസ്തു ഉപയോഗിച്ചുള്ള പെര്‍ഫ്യൂമാണ് കടുവയെ കുടുക്കാനായി ഉപയോഗിക്കുന്നത്. പെര്‍ഫ്യൂമില്‍ അടങ്ങിയിരിക്കുന്ന വസ്തുവിന്റെ ഗന്ധം കടുവയെ ആകര്‍ഷിക്കുമെന്നും അതുവഴി കൂട്ടിലാക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി മൃഗ ഡോക്ടറായ എച്ച്എസ് പ്രയാഗ് പറഞ്ഞു.
2015ല്‍ മാണ്ഡ്യയില്‍ നിന്ന് പെര്‍ഫ്യൂം രീതി ഉപയോഗിച്ച് ഒരു പുള്ളിപ്പുലിയെ കൂട്ടിലാക്കി പരിചയമുള്ളയാളാണ് പ്രയാഗ്. 2013 മുതല്‍ മേഖലയിലുള്ളവര്‍ക്ക് ഭീഷണി ഉയര്‍ത്തിയതായിരുന്നു പുള്ളിപ്പുലി. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കര്‍ണാടക വനംവകുപ്പിന് പുള്ളിപ്പുലിയെ പിടികൂടാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് പ്രയാഗ് പെര്‍ഫ്യൂം രീതിയിലൂടെ പുലിയെ കൂട്ടിലാക്കിയത്.
പെര്‍ഫ്യൂം വിദ്യയുപയോഗിച്ച് കടുവയെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്ന് പ്രയാഗ് വ്യക്തമാക്കി.