ന്യൂഡല്‍ഹി: മീ ടുവില്‍ ലൈംഗിക അതിക്രമ ആരോപണം ഉയര്‍ന്ന വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിന്റെ രാജിക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. നൈജീരിയന്‍ സന്ദര്‍ശനം കഴിഞ്ഞ് ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ എത്തുന്ന എംജെ അക്ബര്‍ ആരോപണങ്ങളെക്കുറിച്ച് വിശദീകരണം നല്‍കും. പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് എംജെ അക്ബര്‍ നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഏഴുവനിതകളാണ് മീ ടുവില്‍ തുറന്നു പറഞ്ഞത്.
ഇതില്‍ ചിലത് അതീവഗുരുതരവും അന്വേഷണമുണ്ടായാല്‍ ജയില്‍ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകരമാണ്. അക്ബറിന്റെ രാജി ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ അടക്കം രംഗത്തുണ്ട്. അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും ലോക്സഭ തെരഞ്ഞെടുപ്പും അടുത്തിരിക്കെ കേന്ദ്രസര്‍ക്കാരിനു കളങ്കമേല്‍പ്പിച്ച ഒരാളെ മന്ത്രിയായി തുടരാന്‍ അനുവദിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ കേന്ദ്രസര്‍ക്കാരിലെയും ബിജെപിയിലെയും മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്.
അക്ബറിന്റെ രാജി ഇന്നുതന്നെ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അക്ബറിനെതിരെ പരാതി ഉന്നയിച്ച വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചിരുന്നു. വിദേശകാര്യ സഹമന്ത്രിസ്ഥാനത്ത് തുടര്‍ന്നാല്‍ അക്ബറിന്റെ മുഴുവന്‍ പരിപാടികളും മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.