ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ ഇംഗ്ലീഷില്‍ കസറി കയറുകയാണ് ശശി തരൂര്‍. കഴിഞ്ഞ ദിവസം മോഡിക്കെതിരെ തരൂര്‍ പറഞ്ഞ ഇംഗ്ലീഷ് വാക്കിന്റെ അര്‍ത്ഥം ലോകം തിരഞ്ഞ് കണ്ടു പിടിക്കുന്ന വേളയില്‍ അടുത്ത കടിച്ചാല്‍ പൊട്ടാത്ത വാക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് തരൂര്‍. ഇത്തവണ ഡിക്ഷണറി തപ്പി പോകേണ്ട ആവശ്യമില്ല എന്തെന്നാല്‍ ആ വലിയ വാക്കിന്റെ അര്‍ത്ഥം തരൂര്‍ തന്നെ പങ്കുവെയ്ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന് (floccinaucinihilipilification) എന്ന വാക്കാണ് ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഹിപ്പോപൊട്ടോമോണ്‍സ്ട്രോസെസ്ക്യുപെഡലിയോഫോബിയ ( hippopotomonstrosesquipedaliophobia ) എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. വലിയ വാക്കുകളോടുള്ള ഭയമെന്നാണ് ഹിപ്പോപൊട്ടോമോണ്സ്ട്രോസെസ്ക്യുപെഡലിയോഫോബിയുടെ അര്‍ത്ഥമെന്ന് തരൂര്‍ തന്നെ കുറിച്ചു.
എന്നാല്‍ പാരഡോക്സിക്കല്‍ എന്നതിനേക്കള്‍ വലിയ വാക്കുകള്‍ ഒന്നും ദി പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തത്തില്‍ ഇല്ലെന്നും അദ്ദേഹം കുറിച്ചു. പുതിയ പുസ്തകമായ ‘ദ പാരാഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോഡി’ എന്ന പുസ്തകം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റിലാണ് 29 അക്ഷരങ്ങളുള്ള ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന് എന്ന വാക്ക് തരൂര്‍ ഉപയോഗിച്ചത്.