പനാജി: ഗോവ ബിജെപി എംഎല്‍എയുടെ മകന് ഓടിച്ച ആഡംബര കാര്‍ ഇടിച്ച് പെണ്‍കുട്ടി മരിച്ചു. രോഷാകുലരായ നാട്ടുകാര്‍ കാറിനു തീയിട്ടു. പനാജിയിലെ ബെല്‍ഗാവില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം.
അല്‍ദോന എംഎല്‍എ ഗ്ലെന്‍ ടിക്ലോയുടെ മകന് കൈല്‍ ടിക്ലോ ഓടിച്ച ആഡംബര കാറാണ് അപകടത്തിനു കാരണമായത്. അമിതവേഗത്തില്‍ എത്തിയ കാര്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച സഹോദരിമാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തമ്രീന്‍ ഖാലിദ് ബിസ്പി എന്ന ഇരുപതുകാരി അപകടസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സഹോദരി തെഹ്നിയത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഷാകുലരായ നാട്ടുകാര്‍ എംഎല്‍എയുടെ മകന്റെ വാഹനം അടിച്ചു തകര്‍ത്തു തീയിട്ടു. ഇതേതുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. കൈലിനെ അറസ്റ്റ് ചെയ്തതായും മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. എംഎല്‍എയുടെ പേരിലാണ് ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് സൂചന.