ന്യൂഡല്‍ഹി: അകന്നു നില്ക്കുന്ന ബന്ധുക്കള്‍ക്ക് മുന്പില് താന്‍ സാമ്പത്തികത്തില്‍ മെച്ചപ്പെട്ടതെന്ന് തെളിയിക്കാനുള്ള യുവതിയുടെ ശ്രമം പൊളിച്ചടുക്കി പോലീസ്. ഡെറാഡൂണിലാണ് സംഭവം. സഹോദരന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ യുവതി വിളിച്ച ടാക്സിയാണ് ഡ്രൈവറെ തോക്കിന് മുനയില്‍ നിര്‍ത്തി തട്ടിയെടുത്തത്. കാര്‍ നഷ്ടപ്പെട്ട ടാക്സി ഡ്രൈവര്‍ സുബാം ശര്‍മ പരാതി നല്കി.
രണ്ടു യുവതികളും യുവാവുമടങ്ങുന്ന സംഘമാണ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കാര്‍ തട്ടിയെടുത്തുവെന്ന് പരാതിപ്പെട്ടു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗസാല എന്ന സപ്നയും വംശ് വര്‍മയും പോലീസ് പിടിയിലായത്. ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചും ടാക്സി ബുക്ക് ചെയ്ത ശേഷം യാത്രക്കിടെ ഡ്രൈവറെ ഭീഷണിപ്പെടുത്തി കാറുമായി കടന്നു കളയുകയായിരുന്നു. 2009 ല്‍ വിവാഹിതയായ സപ്ന ഭര്‍ത്താവുമായി പിണങ്ങി വംശിനൊപ്പം ഡല്‍ഹിയില്‍ താമസിച്ചു വരികയായിരുന്നു.
ബന്ധുക്കളുമായി അത്ര രസത്തിലല്ലാതിരുന്നതിനാല്‍ അവരില്‍ മതിപ്പുളവാക്കാന്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് സപ്ന മോഷണത്തിനൊരുങ്ങിയത്. സഹോദരന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കാറുമായി പോയി മടങ്ങിയെത്തിയ ശേഷം രഘുബീര്‍ നഗറിനു സമീപം കാര്‍ ഉപേക്ഷിക്കുകയായിരുന്നു. കാറില്‍ ഘടിപ്പിച്ച ജിപിഎസ് ഉപകരണമാണ് പോലീസിനെ കാര്‍ കണ്ടെത്താന്‍ സഹായിച്ചത്. നമ്പര്‍ പ്ലേറ്റ് മാറ്റിയാണ് കാര്‍ ഇവര്‍ ഉപയോഗിച്ചത്.