മൈസൂരു: രാജ്യത്തിന്റെ നാനാഭാഗങ്ങളിലായി നിരവധി മൃതദേഹങ്ങള്‍ കിടന്ന് ചീയാറുണ്ട്. ചിലപ്പോള്‍ നഗരസഭ എടുത്ത് സംസ്കരിക്കും, അല്ലെങ്കില്‍ അനാഥര്‍ പോലെ തെരവോരത്ത് തന്നെ അന്ത്യ വിശ്രമം കൊള്ളും. എന്നാല്‍ ആകാഴ്ച കഴിഞ്ഞ 19 കൊല്ലമായി മൈസൂര്‍ നഗരത്തില്‍ ഇല്ല. എന്തെന്നാല്‍ നന്മ കാത്തു സൂക്ഷിക്കുന്ന ഒരു വ്യക്തിത്വം 24 മണിക്കൂര്‍ സജ്ജമായി നഗരത്തില്‍ അലയുന്നുണ്ട്. മൈസൂരു മണ്ടി മൊഹല്ല മാര്‍ക്കറ്റിലെ ഒരു സാധാരണ തൊഴിലാളിയായ അയ്യൂബ് അഹമ്മദാണ് ആ വ്യക്തി.
മൈസൂരു നഗരത്തില്‍ ആര്‍ക്കും വേണ്ടാത്തതും അവകാശികള്‍ ഇല്ലാത്തുമായ മൃതദേഹങ്ങള്‍ ഏറ്റെടുത്ത് സ്വന്തം ചിലവില്‍ സംസ്കരിക്കുകയാണ് അയ്യൂബ് ചെയ്യുന്നത്. കണക്കുകള്‍ കൃത്യമായി ഓര്‍ക്കുന്നില്ലെങ്കിലും കഴിഞ്ഞ 19 വര്‍ഷത്തിനിടെ താന്‍ ഏറ്റെടുത്ത് സംസ്കരിച്ചത് പതിനായിരത്തോളം അനാഥ മൃതദേഹങ്ങളാണെന്ന് വെളിപ്പെടുത്തുന്നു അയ്യൂബ്.
മരിച്ചാല്‍ ശരിയായി സംസ്കരിക്കപ്പെടുക എന്നത് ഒരു മനുഷ്യന്റെ അടിസ്ഥാന അവകാശമാണ്. എല്ലാവര്ക്കും അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നാണ് അയ്യൂബ് പറയുന്നത്. ചെയ്യുന്നത് പ്രസക്തിയ്ക്ക് വേണ്ടിയല്ലെന്നും അയ്യൂബ് പറയുന്നുണ്ട്. ആറ് മൊബൈല്‍ ഫോണുകളുമായി 24 മണിക്കൂറും അയ്യൂബ് കര്‍മ്മനിരതനാണ്. ഏത് സമയവും വിളി വന്നാലും എവിടെയും എത്തും. അതിനായി അയ്യബിന്റെ കൈവശം പഴയ അംബാസിഡര്‍ കാര്‍ ഉണ്ട്.
ചിലപ്പോള്‍ മാത്രം സംഭാവനകള്‍ ലഭിക്കാറുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ അയ്യൂബ് സ്ഥിരമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. മരിച്ചയാളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സഹായമായേക്കും എന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്യുന്നത്. ആളുകള്‍ ചെയ്യാന്‍ മടിക്കുന്ന ഈ പ്രവര്‍ത്തിയിലേക്ക് അയ്യൂബിനെ എത്തിച്ചത് ഒരു അനുഭവമാണ്. 19 വര്‍ഷം മുന്‍പ് ഉണ്ടായ തന്റെ ജീവിതം മാറ്റിയ ഒരനുഭവം.
ഒരു പഴയ കാര്‍ വാങ്ങാനായി ഗുണ്ട്ലുപേട്ടിലേക്ക് പോകുകയായിരുന്നു അയ്യൂബ്. വഴിയില്‍ ഒരു അനാഥ മൃതദേഹം കിടക്കുന്നതും ചുറ്റും ആളുകള്‍ കൂടിനില്ക്കുന്നതും കണ്ടു. 10 മണിക്കൂറിന് ശേഷം അയ്യൂബ് തിരിച്ച് വരുമ്പോഴും ആ മൃതദേഹം അതേ സ്ഥലത്ത് കിടക്കുന്നു. സംസ്കരിക്കാന്‍ ആരും തയ്യാറാവുന്നില്ല എന്നായിരുന്നു പോലീസുകാര്‍ പറഞ്ഞ മറുപടി. അന്ന് ആ മൃതദേഹം സംസ്കരിച്ച് തുടങ്ങിയ സേവനമാണ് അയ്യൂബ് ഇന്നും തുടരുന്നത്. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച അയ്യൂബിന് മികച്ച വിദ്യാഭ്യാസം നേടാന്‍ സാധിച്ചിരുന്നില്ല. ഖുറാനാണ് തന്നെ മനുഷ്യസ്നേഹി ആക്കിയതെന്നാണ് അയ്യൂബ് പറയുന്നത്.
ഭാര്യക്കും രണ്ട് മക്കള്‍ക്കും ഒപ്പം കൊച്ചു വാടകവീട്ടിലാണ് അയ്യൂബ് താമസിക്കുന്നത്. അയ്യൂബും ഭാര്യയും പാവപ്പെട്ടവര്‍ക്കായി സൗജന്യ തയ്യല്‍ക്ലാസും നടത്തുന്നുണ്ട്. നിരവധി ആളുകള്‍ തന്നെ അഭിനന്ദിക്കാനും അവാര്‍ഡ് നല്കാനുമായി എത്തുന്നതായി അയ്യൂബ് പറയുന്നു. എന്നാല്‍ കൂടുതല്‍ ആളുകള്‍ തന്റെ പ്രവര്‍ത്തന മേഖലയിലേക്ക് എത്തണമെന്നാണ് അയ്യൂബിന്റെ ആഗ്രഹം. സര്‍ക്കാരിന്റെയും സുമനസുകളുടേയും സഹായത്താല്‍ സ്വന്തമായി ഒരു ആംബുലന്‍സ് വാങ്ങുക എന്നതാണ് അയ്യൂബിന്റെ അടുത്ത ലക്ഷ്യം.