ചെന്നൈ: വളാച്ചേരിയില്‍ നിന്ന് കാണാതായ ഒരു മാസം പ്രായമായ ആണ്‍കുഞ്ഞിനെ സ്വന്തം മാതാവ് കൊലപ്പെടുത്തിയതാണെന്ന് മൊഴി. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞു വെന്ന് പോലീസ് പറയുന്നു. വേളാച്ചേരി ദ്രൗപതി അമ്മന്‍ കോവില്‍ സ്ട്രീറ്റിലെ വാടക വീട്ടില്‍ താമസിക്കുന്ന വിക്കണ്ണയുടെ ഭാര്യ ഉമയെ (27)പോലീസ് അറസ്റ്റു ചെയ്തിരുന്നു. മുലപ്പാല്‍ നല്കുമ്പോള് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നതിനെത്തുടര്‍ന്നാണ് കുഞ്ഞിനെ കൊന്നതെന്ന് ഉമ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു.
കുഞ്ഞിനെ കാണാനില്ലെന്ന് ശനിയാഴ്ചയാണ് അവര്‍ പരാതി നല്‍കിയത്. കൂടെ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പുലര്‍ച്ചെ നാല് വരെ കണ്ടിരുന്നെന്നും പിന്നീട് അഞ്ചരയ്ക്ക് എഴുന്നേറ്റപ്പോള്‍ കണ്ടില്ലെന്നുമായിരുന്നു പരാതി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പുലര്‍ച്ചെ റോഡിലൂടെ ഒരു സ്ത്രീ നടന്നുപോകുന്നതായി കണ്ടെത്തി. ഇതോടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയം ബലപ്പെട്ടു. തുടര്‍ന്ന് വേളാച്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ വേലുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ഊര്‍ജിതമാക്കി.
സിസിടിവി ദൃശ്യങ്ങളില്‍ കണ്ട സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ക്കൊടുവിലാണ് അത് ഉമയാണെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റം സമ്മതിച്ചു. പ്രസവത്തിനുശേഷം ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്നും കുഞ്ഞിന് മുലപ്പാല്‍ നല്കുമ്പോള് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെന്നും ഉമ പറഞ്ഞു. ഇക്കാര്യം ഭര്‍ത്താവിനോട് പലതവണ പരാതിപ്പെട്ടുവെങ്കിലും ഗൗനിച്ചില്ല. അതോടെ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.