ന്യൂഡല്‍ഹി: ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന ഇന്ധനവിലയിയില്‍ നേരിയ ആശ്വാസമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒന്നര രൂപയുടെ കുറവ്. എന്നാല്‍ അതുപോലും നല്‍കാതെ എണ്ണക്കമ്പനികള്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറവ് നല്‍കിയില്ലെന്നുമാത്രമല്ല ശനിയാഴ്ച ഡീസലിന് 30 പൈസയും പെട്രോളിന് 19 പൈസയും ലിറ്ററിന് വീണ്ടും കൂട്ടുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതിയില്‍ ഒന്നരരൂപയും എണ്ണക്കമ്പനികള്‍ ഒരുരൂപയും ഡീസലിനും പെട്രോളിനും കുറച്ചതായാണ് കേന്ദ്ര ധനമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. അങ്ങനെ രണ്ടര രൂപ കുറച്ചിരുന്നുവെങ്കില് കേരള സര്‍ക്കാരിന്റെ വില്‍പ്പന നികുതിയില്‍ രണ്ടര രൂപയുടെ 22 .76 ശതമാനമായ 57 പൈസയുംകൂടി ഡീസലിന് മൂന്നുരൂപ ഏഴ് പൈസ കേരളത്തില്‍ കുറവ് വരേണ്ടതായിരുന്നു. എന്നാല്‍, ഡീസലിന് 2.63 രൂപമാത്രമാണ് കുറഞ്ഞത്. അതുപോലെ പെട്രോളിന് സംസ്ഥാന വില്‍പ്പന നികുതിയില്‍ രണ്ടര രൂപയുടെ 30.08 ശതമാനമായ 75 പൈസയുംകൂടി മൂന്നു രൂപ 25 പൈസ കുറയേണ്ടിരുന്ന സ്ഥാനത്ത് വെറും രണ്ടുരൂപ 56 പൈസമാത്രമാണ് കുറവുണ്ടായത്.
എണ്ണക്കമ്പനികള്‍ പെട്രോളിന് ഒരുരൂപ കുറയ്ക്കുകയും അതേസമയം, ദിവസവര്ധനയില് 53 പൈസ കൂട്ടുകയും ചെയ്യുകയായിരുന്നു. ഇതേപോലെ ഡീസലിന് 37 പൈസയും കൂട്ടി. ഇതിനുപുറമെയാണ് ശനിയാഴ്ചത്തെ വര്‍ധന. ഫലത്തില്‍ ഒറ്റദിവസം കൊണ്ടുതന്നെ പെട്രോളിന് 71 പൈസയും ഡീസലിന് 67 പൈസയുമാണ് കൂടിയത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വര്‍ധിപ്പിച്ച എക്സൈസ് നികുതിയും എണ്ണക്കമ്പനികള്‍ ലാഭവിഹിതത്തില്‍ വരുത്തിയ വര്‍ധനയും കുറച്ചാല്‍ത്തന്നെ ഒരുലിറ്റര്‍ ഡീസലിനും പെട്രോളിനും 18 രൂപയോളം ഇനിയും കുറയും. ഇതൊന്നും ചെയ്യാതെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തന്ത്രമായി നേരിയ വിലകുറച്ച് കാണിക്കുകയാണ് ചെയ്തത്.