അഹമദാബാദ്: പതിനാലു മാസം പ്രായമുള്ള കുഞ്ഞിനെ അന്യസംസ്ഥാന തൊഴിലാളി പീഡിപ്പിച്ച സംഭവത്തില്‍ ഗുജറാത്തില്‍ വ്യാപക പ്രതിഷേധം. പ്രക്ഷോഭത്തില്‍ 180 ഓളം പേരെ അറസ്റ്റ് ചെയ്തു. ഈ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ നാടു വിട്ടു. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തെത്തുടര്‍ന്നാണ് അറസ്റ്റ്.
ഗുജറാത്തിലെ സബര്‍കന്തയില്‍ കഴിഞ്ഞയാഴ്ചയാണ് പതിനാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് പീഡനത്തിനിരയായത്. തുടര്‍ന്ന് പ്രതിയായ ബിഹാര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ അറസ്റ്റിനു ശേഷം ഗാന്ധിനഗര്‍, അഹമ്മദാബാദ്, പടാന്‍, സബര്‍കന്ത, മെഹ്സാന എന്നീ ജില്ലകളില്‍ ഇതര സംസ്ഥാനതൊഴിലാളികള്ക്കെതിരെ വന്‍ പ്രക്ഷോഭമാണ് അരങ്ങേറിയത്.
പ്രക്ഷോഭത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഗുജറാത്തിലെത്തിയ ഇതരസംസ്ഥാന തൊഴിലാളികളോട് സംസ്ഥാനം വിട്ടുപോകണമെന്നും മറ്റും ആവശ്യപ്പെട്ടുകൊണ്ടുള്ള വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അക്രമം ഭയന്ന് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ നിരവധി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയെന്ന് പോലീസ് പറയുന്നു.