ന്യൂഡല്‍ഹി; രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 18 പൈസയുടെയും ഡീസലിന് 29 പൈസയുടെയും വര്‍ധനവാണ് ഇന്നുണ്ടായത്.
2.50 രൂപ ഇന്ധനവില കുറച്ചതിന് പിന്നാലെ അടിക്കടി വില വര്‍ധനവ് വീണ്ടും ആരംഭിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പുതിയ നിരക്ക് പ്രകാരം പെട്രോളിന് ഡല്‍ഹിയില്‍ ഒരു ലിറ്ററിന് 81രൂപ 68 പൈസയും ഡീസലിന് 73 രൂപ 24 പൈസയുമാണ്.
ഏകദേശം ഒമ്പത് രൂപയോളം തുടര്‍ച്ചയായി വര്‍ധിച്ച ശേഷമാണ് രണ്ടര രൂപ കഴിഞ്ഞ ദിവസം കുറച്ചത്. ഇതിന് പിന്നാലെയാണ് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചുകൊണ്ടുള്ള എണ്ണ കമ്പനികളുടെയും കേന്ദ്രസര്‍ക്കാരിന്റെയും കൊള്ളയടി.
രൂപയുടെ വിനിമയ മൂല്യം കഴിഞ്ഞ ദിവസം റെക്കോര്‍ഡുകള്‍ ഭേദിച്ച് 74 എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വില വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍ രംഗത്തെത്തിയിരിക്കുന്നത്. അതേ സമയം, ഇറാനില്‍ നിന്ന് ഇന്ധന ഇറക്കുമതി നിര്‍ത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം എണ്ണ കമ്പനികള്‍ക്ക് ആശ്വാസം പകരുന്നതാണ്.