പൂനൈ: ആള്‍തിരക്കേറിയ നഗരത്തില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. പരിക്കേറ്റവരില്‍ ആറു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മംഗള്‍വാര്‍ പെത്ത് മേഖലയിലെ ഷാഹിര്‍ അമര്‍ ഷെയ്ക്ക് ചൗക്ക് ജംഗ്ഷനില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. അപ്രതീക്ഷിത അപകടത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്.
അഞ്ച് ഓട്ടോ റിക്ഷയും നാല് ഇരു ചക്രവാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു. റെയില്‍വെയുടെ സ്ഥലത്ത് അലക്ഷ്യമായി സ്ഥാപിച്ചിരുന്ന 40 അടി ഉയരമുള്ള പരസ്യ ബോര്‍ഡാണ് തകര്‍ന്ന് വീണത്. ഈ പരസ്യ ബോര്‍ഡ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ റെയില്‍വെക്കും പുനൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും പരാതി നല്‍കിയതായി സമീപവാസികള്‍ പറഞ്ഞു.
അഞ്ചു റോഡുകള്‍ ചേരുന്ന ജംഗ്ഷനില്‍ അപകടകരമായ സാഹചര്യത്തിലായിരുന്നു പരസ്യ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. അപകടത്തില്‍ മരിച്ച ഷംറാവു കസര്‍ (70), ഷംറാവു ധോത്രി (48), ശിവജി പര്‍ദേശി (40) എന്നിവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും നിസാര പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.