ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ മുതിര്‍ന്നവരെ നീക്കി യുവാക്കളെ ഇറക്കി പാര്‍ട്ടി ബലപ്പെടുത്താനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവത്വത്തിലേയ്ക്ക് തിരിയാനാണ് തീരുമാനം. പാര്‍ട്ടിയുടെ ഘടന തന്നെ മാറ്റുന്നതിനായി ഓരോ മാസവും നിരവധി പേരെയാണ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിക്കുന്നത്.
സെക്രട്ടറിമാരുടെ എണ്ണം കൂട്ടി പാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് കോണ്‍ഗ്രസിന്റെ ആദ്യ നീക്കം. ഇതിന്റെ ഭാഗമായി സെക്രട്ടറിമാരുടെ എണ്ണം 40-45 ല്‍ നിന്നും 70 ആക്കി ഉയര്‍ത്തി. ഈ 70 സെക്രട്ടറിമാരില്‍ 40 ആളുകള്‍ 45 വയസിന് താഴെയുള്ളവരാണെന്നതാണ് പാര്‍ട്ടിയുടെ മാറുന്ന മുഖം. സെക്രട്ടറിമാരുടെ ശരാശരി പ്രായം 40ല്‍ എത്തിക്കുകയാണ് ലക്ഷ്യം.
സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി നേതാക്കള്‍ക്ക് ഒരു സംസ്ഥാനത്തിന് ഒരു സെക്രട്ടറിയായിരുന്നു അസിസ്റ്റന്ഡായിരുന്നത്. പുതിയ നിയമനത്തോടെ സംസ്ഥാനത്തിന്റെ വലിപ്പം അനുസരിച്ച് ഇത് രണ്ടോ നാലോ ആകും. എല്ലാ സെക്രട്ടറിമാരും ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും ഒരു മണ്ഡലത്തില്‍ ചെലവഴിക്കുകയും ശരാശരി ഫോര്‍മാറ്റില്‍ മാസാന്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. ഗ്രൗണ്ട് ലെവര്‍ പ്രവര്‍ത്തനത്തിനാണ് കോണ്‍ഗ്രസ് പുതിയ മാറ്റം വരുത്തുന്നത്.
യൂത്ത് കോണ്‍ഗ്രസ്, നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് ഓഫ് ഇന്ത്യ (എന്‍എസ് യുഐ) എന്നിവയില്‍ നിന്നാണ് പുതിയ സെക്രട്ടറിമാരെ കണ്ടെത്തുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള സ്വീകാര്യത ലഭിക്കുന്നതിനായി ദളിത് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.