ലഖ്നൗ: പ്രധാനമന്ത്രിയുടെ അപരന് എന്നറിയപ്പെടുന്ന അഭിനന്ദന് പതക് മനംമടുത്ത് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരെ പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കുനേരെ ഉയരുന്ന ചില ചോദ്യങ്ങളാണ് ഇത്തരമൊരു നിലപാടിനു കാരണമെന്നാണ് അദ്ദേഹം പറയുന്നത്.
തന്നെക്കാണുമ്പോള്‍ പലരും ‘എപ്പോഴാണ് എന്റെ ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം വരുന്നത്?’ എന്ന് ചോദിക്കാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിലെത്തുന്നതിനു മുമ്പ് നല്കിയ വാഗ്ദാനം വിശ്വസിച്ചവരാണ് ഈ ചോദ്യമുയര്‍ത്തുന്നത്. ഇത്തരം ചോദ്യങ്ങളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ തെരഞ്ഞെടുക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അത്തരം ചോദ്യങ്ങള്‍ കോണ്‍ഗ്രസിലേക്കു വരാന്‍ എന്നെ നിര്‍ബന്ധിതനാക്കി. 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരെ കാമ്പെയ്ന് നടത്താന്‍ ഞാന്‍ തീരുമാനിച്ചു.’ യുപി കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജ് ജബ്ബാറിനെ സന്ദര്‍ശിച്ചശേഷം അദ്ദേഹം പറഞ്ഞു. ഞാന്‍ ശരിക്കും മോഡിയെ ആരാധിക്കുന്നു. അദ്ദേഹം എന്നെ കാണുകയും ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. അതിനാല്‍ ഞാന്‍ അവര്‍ക്കെതിരെ കാമ്പെയ്ന് നടത്താന്‍ തീരുമാനിച്ചു.’ പതക് തുറന്നടിച്ചു.
ബിജെപി സര്‍ക്കാറിനോടുള്ള ആളുകളുടെ ദേഷ്യം തനിക്കും അനുഭവിക്കേണ്ടി വരുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ‘ആളുകള്‍ എന്നെ ശപിക്കുകയും അടിക്കുകയും ചെയ്യുന്നു. അവര്‍ക്ക് അത്ര ക്ഷമനശിച്ചിരിക്കുകയാണ്.’ അദ്ദേഹം പറഞ്ഞു. മോഡി തന്നെ അങ്ങേയറ്റം നിരാശനാക്കിയെന്നും അദ്ദേഹം പറയുന്നു. ‘ ഞാന്‍ ഏതാണ്ട് 50 ഓളം കത്തുകള്‍ പ്രധാനമന്ത്രിക്ക് എഴുതി. മോഡിജി ഹൃദയം തുറന്നു സംസാരിക്കുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ചെവിതരുന്നില്ല.’ പതക് പറഞ്ഞു.