ന്യൂഡല്‍ഹി: ഗുരുത്വാകര്‍ഷണ സിദ്ധാന്തം കണ്ടെത്തിയത് മുനിമാര്‍ എന്ന നിലയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനൊരുങ്ങി ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍. ഭാരത് വിദ്യാഭവന് പ്രസിദ്ധീകരിച്ച ‘ഭാരത് വിദ്യാസാരം’ എന്ന കൃതിയാണ് എന്‍ജിനീയറിങ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കുള്ള മാതൃകാ പഠനപദ്ധതിയുടെ ഭാഗമായി എലക്ടീവ് കോഴ്സ് ആയാണ് ‘ഭാരത് വിദ്യാസാരം’ എന്ന കൃതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുരാതന ഭാരതത്തിലെ ഋഷിമാരുടെ ശാസ്ത്രീയ കണ്ടെത്തലുകളെക്കുറിച്ചും തത്വശാസ്ത്രങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് ഈ കൃതി. രാജ്യത്തെ മൂവായിരം എന്‍ജിനീയറിങ് കോളേജുകളില്‍ ഇത് അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികളെ പടിപ്പിച്ചു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശാസ്ത്ര, തത്വചിന്താ മേഖലകളില്‍ ഇന്ത്യയുടെ ചരിത്രത്തെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്നതാണ് ലക്ഷ്യമെന്നാണ് നല്കുന്ന വിശദീകരണം. ഈ തീരുമാനത്തിനെതിരെ മുംബൈയിലെ ഹോമി ഭാഭ സെന്റര്‍ ഫോര്‍ സയന്‍സ് എജ്യുക്കേഷനിലെ ശാസ്ത്രജ്ഞനായ അങ്കിത് സുലേയുടെ നേതൃത്വത്തില്‍ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന് ഓണ്‍ലൈന്‍ വഴി പരാതി നല്കി. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഒരു ‘കപടശാസ്ത്ര’ കൃതിയാണെന്നും ഇത് പാഠ്യപദ്ധതിയില്‍നിന്ന് ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
അഗസ്ത്യ മുനി ബാറ്ററി കണ്ടുപിടിച്ചതായും വൈദ്യുത വിശ്ലേഷണത്തിലൂടെ ജലത്തില്‍നിന്ന് ഓക്സിജനും ഹൈഡ്രജനും ഉല്പാദിപ്പിച്ചതായും കൃതിയില്‍ പറയുന്നു. ന്യൂട്ടന്റെ ചലന നിയമത്തിന്റെ തത്വങ്ങള്‍ കണാദ മഹര്‍ഷിയുടെ വൈശേഷിക സൂത്രത്തില്‍ ചര്‍ച്ചചെയ്യുന്നുണ്ടെന്നും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 5000 വര്‍ഷം മുന്‍പ് രചിക്കപ്പെട്ട ഭരദ്വാജ മഹര്‍ഷിയുടെ വൈമാനിക ശാസ്ത്രത്തില്‍ വിമാനം, കപ്പല്‍ എന്നിവയുടെ നിര്‍മ്മാണത്തെക്കുറിച്ചും വൈമാനിക ഇന്ധനം, പൈലറ്റിനെ പരിശീലിപ്പിക്കല്‍ തുടങ്ങിയവ സംബന്ധിച്ച ആധികാരിക ഗ്രന്ഥമാണെന്നും ‘ഭാരത് വിദ്യാസാര’ത്തില്‍ പറയുന്നു. ഭൂഗുരുത്വ സിദ്ധാന്തം ആദ്യമായി സൂചിപ്പിക്കപ്പെടുന്നത് ഋഗ്വേദത്തിലാണെന്നും കൃതിയിലുണ്ടെന്ന് സുലേ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
തത്വചിന്താപരമായ ഇത്തരം പുരാതന കൃതികളെ തെറ്റിദ്ധരിക്കുകയോ മനഃപൂര്‍വം തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്തുകൊണ്ടാണ് ‘ഭാരത് വിദ്യാസാര’ത്തിലെ അവകാശവാദങ്ങളൊക്കെ അവതരിപ്പിക്കുന്നതെന്ന് സുലേ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പുസ്തകത്തെ പാഠ്യപദ്ധതിയില്‍നിന്ന് ഒഴിവാക്കരുതെന്നും ഇന്ത്യന്‍ ജ്ഞാനവ്യവസ്ഥയെക്കുറിച്ച് പഠിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഭാരത് വിദ്യാസാരത്തിന്റെ എഡിറ്റര്‍മാരിലൊരാളായ ശശിബാല ഭാരതീയ വിദ്യാഭവനുവേണ്ടി മറ്റൊരു ഓണ്‍ലൈന്‍ പരാതിയും സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന് നല്‍കിയിട്ടുണ്ട്.