ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ സമാധാനപരമായി സമരംചെയ്ത കര്‍ഷകരെ അടിച്ചമര്‍ത്തിയ പോലീസ് നടപടി അപലപനീയമാണെന്ന് അഖിലേന്ത്യാ കിസാന്‍സഭ പ്രസ്താവനയില്‍ പറഞ്ഞു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ മാര്‍ച്ച്.
മിനിമം താങ്ങുവില നല്‍കുക, ഡീസല്‍-വൈദ്യുതി നിരക്ക് കുറയ്ക്കുക, ഒറ്റത്തവണ വായ്പ എഴുതിത്തള്ളല്‍ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കിസാന്ക്രാന്തി യാത്ര. ഗാസിപുരിലെ യുപി ഗെയ്റ്റില്‍ വിന്യസിച്ച ബാരിക്കേഡുകള്‍ തള്ളിമാറ്റി മുന്നോട്ടുനീങ്ങിയ കര്‍ഷകര്‍ക്കുനേരെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ട്രാക്ടറും ട്രോളികളുമായി എത്തിയ കര്‍ഷകര്‍ പിന്മാറാത്തതിനെത്തുടര്ന്ന് ലാത്തിച്ചാര്‍ജ് നടത്തി. പ്രായംചെന്നവരെയും തല്ലിച്ചതച്ചു.
അഹിംസാ ദിനമായി ആചരിക്കേണ്ട ഗാന്ധിജയന്തിദിനത്തില്‍ പദയാത്ര നടത്തിയ കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ തല്ലിച്ചതച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തുടങ്ങിയവരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.