അഗര്‍ത്തല: ത്രിപുരയില്‍ ‘ഡെയ്ലി ദേശാര്‍ കഥ’എന്ന പത്രത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കി. രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പേഴ്സ് ഫോര്‍ ഇന്ത്യയാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച പത്രം പ്രസിദ്ധീകരിക്കാനായില്ല. നാലുപതിറ്റാണ്ടിനിടെ ആദ്യമായാണ് പത്രത്തിന്റെ പ്രസിദ്ധീകരണം റദ്ദാക്കുന്നത്. ത്രിപുര സിപിഎമ്മിന്റെ മുഖപത്രമാണ് ‘ഡെയ്ലി ദേശാര്‍ കഥ.
മാനേജ്മെന്റില്‍ അടുത്തിടെയുണ്ടായ മാറ്റം നിയമപ്രകാരമല്ലെന്ന് ചൂണ്ടിക്കാണിച്ച് വെസ്റ്റ് ത്രിപുര കളക്ടര്‍ ന്യൂസ് പേപ്പേഴ്സ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച രാത്രി രജിസ്ട്രേഷന് റദ്ദാക്കിയത്. 1978 പ്രവര്‍ത്തനമാരംഭിച്ച പത്രത്തിന്റെ ഉടമസ്ഥാവകാശം ആദ്യം സിപിഎമ്മിനുതന്നെയായിരുന്നു.
2012-ല്‍ ഒരു രജിസ്ട്രേഡ് സൊസൈറ്റിക്കും കഴിഞ്ഞമാസം, പുതുതായി രൂപവത്കരിച്ച ഒരു ട്രസ്റ്റിനും ഉടമസ്ഥാവകാശം കൈമാറി. ഇക്കാര്യത്തില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സിപിഎം നേതാവും സ്ഥാപക പത്രാധിപരുമായ ഗൗതം ദാസ് പറഞ്ഞു. സംസ്ഥാനത്തെ ബിജെപി.സര്‍ക്കാര്‍ കളക്ടര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയാണ് പത്രം പൂട്ടിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നാണംകെട്ട ആക്രമണമാണിതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ പ്രതികരിച്ചു. എന്നാല്‍, ഉത്തരവില്‍ ബിജെപിക്ക് പങ്കില്ലെന്നു വക്താവ് മൃണാള്‍കാന്തി ദേബ് പ്രതികരിച്ചു.