പട്ന: മൂടിവെയ്ക്കാത്ത ഭക്ഷണ സാധനങ്ങളും, കുപ്പികള്‍ കടിച്ചു പൊട്ടിച്ചുമാണ് എലികള്‍ ആഹാരം കണ്ടെത്തുന്നത്. എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തമായി ബിയര്‍ കുടിച്ച് പൂസായ വ്യത്യസ്തമായ എലികളെയാണ് കഴിഞ്ഞ ദിവസം ബീഹാറില്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷത്തിനിടെ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത 11,584 കുപ്പി ബിയറുകളാണ് എലികള്‍ കാലിയാക്കി വെച്ചത്.
കയ്മൂര്‍ ജില്ലയിലാണ് സംഭവം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്ത മദ്യം നശിപ്പിക്കാനുള്ള നടപടിക്കെത്തിയപ്പോഴാണ് എലികളുടെ കുടി പുറംലോകം അറിഞ്ഞത്. ഉദ്യോഗസ്ഥരാണ് വിചിത്ര വിശദീകരണം നല്‍കിയിട്ടുള്ളത്. നശിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് മരുന്നിന് പോലും ഒരു കുപ്പി കിട്ടിയില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്ട്രോംഗ് റൂമില്‍ പരിശോധിച്ചപ്പോള്‍ എല്ലാ ബിയര്‍ കുപ്പികളുടെ മുകളിലും തുളവീണതായി കാണാന്‍ കഴിഞ്ഞെന്നു സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കുമാരി അനുപമ പറഞ്ഞു. ബിയര്‍ സൂക്ഷിച്ച കാര്‍ബോര്‍ഡ് പെട്ടികള്‍ പൊട്ടിച്ചപ്പോള്‍ കുപ്പികളുടെ മുകളില്‍ വലിയ തുളകളാണ് കാണപ്പെട്ടത്. എലികള്‍ കുപ്പികളില്‍ തുളയിട്ടതോടെ ബിയര്‍ ചോര്ന്നുപോയതാവുമെന്നും അവര്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.