ന്യൂഡല്‍ഹി: കര്‍ഷക മാര്‍ച്ചിനു നേരെ പോലീസ് അക്രമം. സമാധാനപരമായി ഡല്‍ഹി നഗരത്തിലേക്ക് പ്രവേശിച്ച മാര്‍ച്ചിനെ ബാരിക്കേഡ് വച്ച് പോലീസ് തടയുകയായിരുന്നു. അക്രമത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു. സൗജന്യ വൈദ്യുതി നല്‍കണമെന്നും ലോണ്‍ എഴുതി തള്ളണമെന്നുമുള്ള പതിനഞ്ചിന ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു കര്‍ഷകരുടെ മാര്‍ച്ച്.
ഉത്തര്‍ പ്രദേശില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഡല്‍ഹിയിലേക്ക് പ്രവേശിക്കുകയായിരുന്നുു. 20000ല്‍ അധികം കര്‍ഷകരുമായി ആരംഭിച്ച മാര്‍ച്ച് ഡല്‍ഹിയിലേക്ക് കടക്കാതിരിക്കാന്‍ ബാരിക്കേടുകളൊരുക്കിയും നിരോധനാജ്ഞ പ്രഖ്യാപിച്ചും ഭരണകൂടം പ്രതിരോധമൊരുക്കിയെങ്കിലും കര്‍ഷക കരുത്തിനെ തടയാനായില്ല.
ബാരിക്കേടുകളെ പ്രതിരോധിച്ച കര്‍ഷകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും, ടിയര്‍ ഗ്യാസും ലാത്തിയും പ്രയോഗിക്കുകയായിരുന്നു. നാല്‍പ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് കര്‍ഷക മാര്‍ച്ചില്‍ പങ്കെടുത്തവരിലേറെയും.
കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള സബ്സിഡി തുക തന്ന് തീര്‍ക്കുക, കാര്‍ഷിക കടം എഴുതിതള്ളുക, സ്വാമിനാഥന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങിയ പതിനഞ്ചിന ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. ‘ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുംവരെ ഞങ്ങള്‍ സമരങ്ങള്‍ തുടരുകതന്നെ ചെയ്യും’ മാര്‍ച്ചിനിടെ ഒത്തുതീര്‍പ്പിനെത്തിയ ഉത്തര്‍പ്രദേശ് മന്ത്രിമാരോട് കര്‍ഷക നേതാക്കള്‍ പറഞ്ഞു.