ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും
ഒന്നിനു പിറകെ ഒന്നായി വരുന്ന സാഹചര്യത്തില്‍ പ്രചരണത്തിനായി വേറിട്ട വഴികളിലേക്ക് നീങ്ങുകയാണ് കോണ്‍ഗ്രസ്. പ്രചരണത്തിന് മോഡി കൂട്ടാനായി പാര്‍ട്ടിയിലെ യുവാക്കളെ രംഗത്തിറക്കാനാണ് തീരുമാനം. ഇതിനായി ഓരോ സംസ്ഥാനങ്ങളിലും ഉന്നത നേതാക്കളുടെ നിര്‍ദേശപ്രകാരം ചിലരെ തെരഞ്ഞെടുത്തുകഴിഞ്ഞു. ഇവര്‍ക്ക് ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ പുതിയ നിലപാടുകള്‍ സംബന്ധിച്ച് വിശദമാക്കുന്ന ക്ലാസുകള്‍ നടക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് യുവരക്തങ്ങളെ കൂടുതല്‍ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നത്.
ഒക്ടോബര്‍ രണ്ടുമുതല്‍ വിവിധ പ്രചാരണത്തിനാണ് കോണ്‍ഗ്രസ് തുടക്കമിടുന്നത്. സാമ്പത്തിക സമാഹരണം ലക്ഷ്യമിട്ടുള്ള ക്രൗഡ് ഫണ്ടിങ് എല്ലാ സംസ്ഥാനങ്ങളിലും ഒരുക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഫണ്ട് കളക്ഷന്‍. ജനങ്ങളുമായി സംവദിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നത്.
ഫണ്ട് കളക്ഷന്‍ നടക്കുമ്പോള്‍ തന്നെ മറുഭാഗത്ത് പ്രക്ഷോഭ പരിപാടികളും സജീവമാക്കാനാണ് തീരുമാനം. അതിനു വേണ്ടിയാണ് യുവാക്കളെ തെരഞ്ഞെടുത്തിരിക്കുന്നത്. യുവാക്കള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത് നാല് മുതിര്‍ന്ന നേതാക്കളാണ്. മനു അഭിഷേക് സിങ്വി, രാജീവ് ഗൗഡ, രഞ്ജിത രഞ്ജന്‍, പവന് ഖേറ എന്നിവരാണ് തെരഞ്ഞെടുത്ത യുവാക്കള്‍ക്ക് ആവശ്യമായ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതും നിര്‍ദേശങ്ങളും പ്രചാരണ തന്ത്രങ്ങളും കൈമാറുന്നതും. ഞായറാഴ്ച ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രത്യേക പരിശീലനം ആരംഭിച്ചു.
കേന്ദ്രസര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും നിരന്തരമായി പ്രചാരണം നടത്തുകയാണ് ഈ യുവാക്കളുടെ ദൗത്യം. മോഡി സര്‍ക്കാരിന്റെ ഓരോ നിലപാടുകളിലെയും പാളിച്ചകള്‍ തുറന്നെതിര്‍ക്കും. സര്‍ക്കാര്‍ നടപ്പാക്കിയ ഓരോ പദ്ധതികളും പ്രത്യേകം അവലോകനം ചെയ്ത് പോരായ്മകള്‍ കണ്ടെത്തും. ഇതിന് വേണ്ടി മുതിര്‍ന്ന നേതാക്കളുടെ ഉപദേശം തേടും.
യൂത്ത് കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി പ്രക്ഷോഭ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ മാസം എട്ടിന് ഡല്‍ഹിയില്‍ കൂറ്റന്‍ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം. വിവിധ പാര്‍ട്ടി നേതാക്കളെ ഉള്‍പ്പെടുത്തിയാകും പ്രക്ഷോഭം. ബിജെപി ഒഴികെയുള്ള 13 പാര്‍ട്ടികളും സംഘടനകളും ഒക്ടോബര്‍ എട്ടിലെ പ്രക്ഷോഭത്തില്‍ പങ്കാളികളാകുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് വക്താവ് അമിരിഷ് രഞ്ജന്‍ പാണ്ഡേ പറയുന്നത്. സമാനമായ പ്രതിഷേധങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും സജീവമാക്കും.