ജയ്പൂര്‍: പതിനഞ്ചുകാരിയായ മകളെ മാതാപിതാക്കള്‍ ജീവനോടെ ചുട്ടു കൊന്നു. മറ്റൊരു യുവാവുമായി അടുപ്പം കണ്ടെത്തിയതോടെയാണ് ക്രൂരമായ ശിക്ഷ രക്ഷിതാക്കള്‍ വിധിച്ചത്. രാജസ്ഥാനിലെ ജയ്പൂരിലുള്ള പാഗ്രി ഗ്രാമത്തിലാണ് ഏഴരെയും നടുക്കിയ സംഭവം. യുവാവുമായുള്ള പെണ്‍കുട്ടിയുടെ അടുപ്പം ഗ്രാമവാസികള്‍ അറിയുകയും ചെയ്ത മനോവിഷമത്തിലാണ് പെണ്‍കുട്ടിയെ ചുട്ടു കൊന്നത്.
മകളെ തങ്ങള്‍ തീവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പോലീസില്‍ കുറ്റസമ്മതം നടത്തി. മകളെ കുറിച്ച് ഗ്രാമത്തില്‍ ചിലര്‍ മോശമായി സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. യുവാവുമായുള്ള അടുപ്പത്തെക്കുറിച്ചായിരുന്നു ഗ്രാമവാസികളുടെ സംസാരം. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി കൊലചെയ്യപ്പെട്ടത്.
മകള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് രക്ഷിതാക്കളാണ് പോലീസിനെ വിളിച്ചുവരുത്തിയത്. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും രക്ഷിതാക്കള്‍ പോലീസിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാല്‍ പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പോലീസിന് വ്യക്തമാകുന്നത്. ഫോറന്‍സിക് സംഘം സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സാംപിളുകളും മൊഴികളിലെ വൈരുദ്ധ്യവുമാണ് പോലീസിന് തുണയായത്.