ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തകേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപനത്തില്‍ മാറ്റമുണ്ടായതായി ആരോപണം. ഭിമാകൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് അവസാന നിമിഷം മാറ്റമുണ്ടായതായി ആരോപണം ഉയര്‍ന്നത്.
കേസില്‍ കോടതി മേല്‍നോട്ടത്തില്‍ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് പ്രമുഖ ചരിത്രകാരി റൊമിലാഥാപ്പര്‍ ഉള്‍പ്പടെയുള്ളവര്‍ നല്കിയ ഹര്‍ജി വെള്ളിയാഴ്ച ചീഫ്ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് 2:1 ഭൂരിപക്ഷത്തിലാണ് തള്ളിയത്. ചീഫ്ജസ്റ്റിസും ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറുമാണ് എസ്ഐടി അന്വേഷണമെന്ന ആവശ്യം തള്ളി, അന്വേഷണവുമായി മഹാരാഷ്ട്ര പോലീസിന് മുന്നോട്ടുപോകാമെന്ന് ഉത്തരവിട്ടത്.
ബെഞ്ചിലെ മൂന്നാമത്തെ അംഗമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പോലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും കേസ് എസ്ഐടിക്ക് വിടണമെന്ന് ഉത്തരവിടുകയുമാണ് ഉണ്ടായത്. സുപ്രീംകോടതി വെബ്സൈറ്റില്‍ വ്യാഴാഴ്ച നല്കിയ കേസ് വിവരപ്പട്ടികയില്‍ കേസില്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് മൂന്നംഗ ബെഞ്ചിനുവേണ്ടി വിധിപ്രസ്താവന നടത്തേണ്ടിയിരുന്നത്.
ചീഫ്ജസ്റ്റിസും ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറും ബെഞ്ചില്‍ ഉണ്ടെങ്കിലും അവര്ക്കുകൂടിവേണ്ടി ജസ്റ്റിസ് ചന്ദ്രചൂഡ് വിധി പ്രസ്താവന നടത്തുമെന്നാണ് ഇതിന്റെ അര്‍ഥം. എന്നാല്‍, വെള്ളിയാഴ്ച ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറാണ് ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്. വിധിയോട് കടുത്ത ഭാഷയില്‍ വിയോജിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ് ന്യൂനപക്ഷവിധിയും പുറപ്പെടുവിച്ചു. അവസാനനിമിഷ ഇടപെടലിനെ തുടര്‍ന്നാണ് വിധി പ്രഖ്യാപനത്തില്‍ മാറ്റമുണ്ടായതെന്ന് ‘ദി ക്യാരവാന്‍’ റിപ്പോര്‍ട്ട് ചെയ്തു.
വെബ്സൈറ്റിലൂടെ അറിയിക്കുന്നതിന് അനുസരിച്ചാണ് കോടതിനടപടികള്‍ നടക്കുക. ശബരിമല കേസില്‍ വെബ്സൈറ്റിലെ കേസ് വിവരപ്പട്ടിക പ്രകാരം ചീഫ്ജസ്റ്റിസ് ദീപക്മിശ്ര, ജസ്റ്റിസുമാരായ രോഹിന്റണ്‍ നരിമാന്, ഡിവൈ ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവര്‍ വിധികള്‍ പുറപ്പെടുവിക്കുമെന്നാണ് അറിയിച്ചത്.
ബെഞ്ചിലെ അഞ്ചാമത്തെ അംഗമായ ജസ്റ്റിസ് എഎം ഖാന്വില്ക്കര്ക്കുകൂടി വേണ്ടി ചീഫ്ജസ്റ്റിസാണ് വിധി പുറപ്പെടുവിക്കുന്നത് എന്നതിനാലാണ് വിധിപ്രഖ്യാപനം നടത്തുന്ന ജഡ്ജിമാരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്താത്തത്. വെള്ളിയാഴ്ച ഈ നടപടിക്രമം പാലിച്ചാണ് ശബരിമല കേസില്‍ വിധി പ്രസ്താവിച്ചത്. ഭിമാകൊറേഗാവ് കേസ് വിതരണപ്പട്ടികയില് സംഭവിച്ചത് സാങ്കേതികപ്പിഴവാണോയെന്ന ചോദ്യത്തോട് സുപ്രീംകോടതി ലിസ്റ്റിങ് രജിസ്ട്രാര്‍ രാജ്കുമാര് ചൗബേ പ്രതികരിച്ചില്ല.
കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യമുള്ള കേസില്‍ നേരത്തെ പരസ്യപ്പെടുത്തിയ കേസ് വിതരണപ്പട്ടികയില് ജസ്റ്റിസ് ഖാന്‍വില്‍ക്കറുടെ പേര് ഇല്ലാത്തത് ദുരൂഹമാണെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ആരോപിച്ചു.
ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിന്യായത്തിലെ അവസാനഖണ്ഡികയില്‍ ‘അന്വേഷണം എസ്ഐടിക്ക് വിടുന്നതായും കേസ് മൂന്നുദിവസത്തിനുശേഷം വീണ്ടും ലിസ്റ്റ് ചെയ്യാനുമാണ് നിര്‍ദേശിച്ചിട്ടുള്ളത്’ – ഇത് ന്യൂനപക്ഷ വിധികളില്‍ കാണാത്ത വാക്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിപ്രഖ്യാപനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അസ്വസ്ഥരാണെന്നും അതിനാലാണ് അവസാനനിമിഷം ഇടപെട്ട് മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.