പനാജി: ആരോഗ്യപ്രശ്നം കാരണം ചികിത്സയിലായിരുന്ന മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഭരണകാര്യങ്ങളെല്ലാം കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ടെന്ന് ഗോവ പൊതുമരാമത്ത് മന്ത്രി. ഭരണകാര്യങ്ങള്‍ വിലയിരുത്താനായി എല്ലാ ബുധനാഴ്ചയും മന്ത്രിസഭാ അംഗങ്ങള്‍ റിവ്യൂ മീറ്റിങ് നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം തന്നെയാണ് ഇത് നടത്തുന്നുതെന്നും സുധിന്‍ ദവാലികര്‍ പറഞ്ഞു.
‘അദ്ദേഹം എല്ലാ ഫയലുകളും ആശുപത്രിയില്‍ വെച്ച് നോക്കുന്നുണ്ട്. ഏത് ഫയല്‍ ആശുപത്രിയിലേക്ക് അയച്ചാലും രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ അദ്ദേഹം അത് ക്ലിയര്‍ ചെയ്ത് അയക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഒരു ഫയലുപോലും പെന്റിങ് ആയി കിടക്കുന്നില്ല.’ മന്ത്രി പറഞ്ഞു.
ഓരോ മന്ത്രിമാരേയും എല്പ്പിച്ച ജോലികള്‍ കൃത്യമായി തന്നെ അവര്‍ ചെയ്യുന്നുണ്ട്. സംസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യതയോടെ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. എല്ലാം മുഖ്യമന്ത്രി നിരീക്ഷിക്കുകയും നിര്‍ദേശങ്ങള്‍ യഥാസമയം അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സെപ്തംബര്‍ 15 നാണ് മനോഹര്‍ പരീക്കറിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തന്നെ തുടരുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ അറിയിക്കുകയായിരുന്നു.