ന്യൂയോര്‍ക്ക്: പാകിസ്താനിലെ പെഷവാറിലുള്ള സ്കൂള്‍ ആക്രമണത്തില്‍ ഭീകരരെ സഹായിച്ചെന്ന ആരോപണത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. അസംബന്ധമായ ആരോപണമാണ് പാകിസ്താന് ഉന്നയിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി.
4 വര്‍ഷം മുമ്പുള്ള പെഷവാറിലെ സ്കൂള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യ ഭീകരര്‍ക്ക് പിന്തുണ നല്‍കിയെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ആരോപിച്ചിരുന്നു. എന്നാല്‍ ഇന്ത്യയ്ക്കെതിരെ യുക്തിരഹിതമായ ആരോപണമാണ് പാകിസ്താന് ഉന്നയിച്ചതെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം സ്ഥാനപതി ഈനം ഗംഭീര്‍ പറഞ്ഞു.
പാകിസ്താന്റെ ഭീകരസ്വഭാവം മറച്ചുവയ്ക്കാനുള്ള നീചമായതും അങ്ങേയറ്റം ഗതികെട്ടതുമായ നീക്കമാണിതെന്നും പെഷവാര്‍ സ്കൂള്‍ ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പങ്കില്ലെന്നും കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ കടുത്ത വേദനയോടെ അറിയിച്ചിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും കൊല്ലപ്പെട്ടവര്‍ക്കായി ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ഓര്‍മകള്‍ക്കു മുന്നില്‍ ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളും അന്നു രണ്ട് മിനിറ്റ് മൗനപ്രാര്‍ഥന നടത്തിയിരുന്നു”- ഈനം പറഞ്ഞു.
അയല്‍രാജ്യങ്ങളുടെ നിലനില്‍പ്പിനു പാകിസ്താന് ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎന്‍ ലിസ്റ്റിലുള്ള 132 ഭീകരര്‍ക്കു സംരക്ഷണം നല്‍കുന്നത് പാകിസ്താനാണെന്ന വാദത്തെ തള്ളാന്‍ സാധിക്കുമോയെന്നും ഇന്ത്യ പാകിസ്താനോടായി ചോദിച്ചു.
പുതിയ സര്‍ക്കാരിനു കീഴില്‍ പാകിസ്താന് ഭീകരതയ്ക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കിയെന്ന അവകാശവാദവും ഇന്ത്യ തള്ളി. ഒരു വസ്തുതാ പരിശോധന നടത്തിയാല്‍ ലഭിക്കുക വ്യത്യസ്തമായ ചിത്രമായിരിക്കുമെന്നും ഇന്ത്യ പറഞ്ഞു.