ന്യൂഡല്‍ഹി: യോഗാചാര്യന് ബാബാ രാംദേവിനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളടങ്ങിയിരിക്കുന്നുവെന്ന പേരില്‍ പുസ്തകത്തിന്റെ പ്രസാധനം നിര്‍ത്തിവയ്ക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. രാംദേവിന്റെ പതഞ്ജലിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളടങ്ങിയ ‘ഗോഡ്മാന് ടു ടൈക്കൂണ്‍’ എന്ന പുസ്തകമാണ് പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും രാംദേവിനെ അപകീര്‍ത്തിപ്പെടുത്താനുള്ള അനുവാദമല്ലെന്ന് 211 പേജുള്ള വിധിന്യായത്തില്‍ ജസ്റ്റിസ് അനു മല്‍ഹോത്ര പറയുന്നു. 2014 ആഗസ്തില്‍ പ്രസിദ്ധീകരണം തടഞ്ഞ പുസ്തകത്തിന്റെ മേലുള്ള നിയന്ത്രണം എടുത്തു മാറ്റിക്കൊണ്ട് ട്രയല്‍ കോടതി ഉത്തരവിറക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിയിലാണ് വിധി.
രാംദേവിന് സാമൂഹിക ഔന്നത്യത്തോടെ പരിഗണിക്കപ്പെടാനുള്ള അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. രാംദേവിനെ അതിമോഹിയായ ഒരു വില്ലനായി ചിത്രീകരിക്കുന്ന ഭാഗങ്ങള്‍ പുസ്തകത്തിലുണ്ട്. ഇത്തരം ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കപ്പെടുന്നതുവരെ പ്രസിദ്ധീകരണത്തില്‍ നിന്നും വിലക്കപ്പെടേണ്ടതുണ്ട്, വിധിന്യായത്തില്‍ പറയുന്നു.
ഇവ പൊതു മണ്ഡലത്തില്‍ പ്രചരിക്കപ്പെട്ടാല്‍ നികത്താനാകാത്ത നഷ്ടമാണ് രാംദേവിനുണ്ടാവുക എന്നു കോടതി നിരീക്ഷിച്ചു. സ്വാമി ശങ്കര്‍ ദേവ് ജിയുടെ തിരോധാനവും സ്വാമി യോഗാനന്ദയുടെ കൊലപാതകവും സംബന്ധിക്കുന്ന ഭാഗങ്ങള്‍ പുസ്തകത്തില്‍ നിന്നും എടുത്തുമാറ്റാനാണ് നിര്‍ദ്ദേശം.