ബംഗളൂരു: കോണ്‍ഗ്രസ് ഉപേക്ഷിച്ച് പുറത്ത് വന്നാല്‍ 30 കോടി രൂപയും ക്യാബിനറ്റ് പദവിയും നല്‍കാമെന്ന് ബിജെപി വാഗ്ദാനം നല്‍കിയതായി കോണ്‍ഗ്രസ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍. കര്‍ണാടക പ്രദേശ് കമ്മിറ്റി വനിതാ മോര്‍ച്ചാ പ്രസിഡന്റും എംഎല്‍എയുമായ ലക്ഷമി ഹെബ്ബാല്ക്കറാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
‘ഏത് വിധേനയും കര്‍ണാടക പിടിക്കാനായിരുന്നു അവരുടെ തന്ത്രം. ഓപ്പറേഷന് താമരയുടെ ഭാഗമായി അവര്‍ എന്നേയും ബന്ധപ്പെട്ടിരുന്നു. 30 കോടിയും ക്യാബിനറ്റ് പദവിയുമായിരുന്നു അന്ന് അവര്‍ വാഗ്ദാനം ചെയ്തത്’ ലക്ഷ്മി പറയുന്നു.
ബിജെപിയിലെ ഒരു പ്രധാനപ്പെട്ട വനിതാ നേതാവാണ് തന്നെ ബന്ധപ്പെട്ടത്. എന്നാല്‍ താന്‍ അച്ചടക്കമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകയാണെന്നും പാര്‍ട്ടിയെ ചതിച്ചുകൊണ്ടുള്ള ഒന്നിനും തന്നെ കിട്ടില്ലെന്നും അവരോട് ലക്ഷ്മി തീര്‍ത്തുപറഞ്ഞു.
എന്നാല്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ട രാഷ്ട്രീയനേതാവ് ആരാണെന്ന് വ്യക്തമാക്കാന്‍ ലക്ഷ്മി ഹെബ്ബാല്ക്കര് തയ്യാറായില്ല. ഇക്കാര്യം കോണ്‍ഗ്രസ് പ്രദേശിലെ മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും അവര്‍ പറഞ്ഞു. ഫോണില്‍ ബന്ധപ്പെട്ട നേതാവ് ആരാണെന്ന് എംഎല്‍എ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ അംഗമായ പ്രഭാകര്‍ കോള ഇതേതുടര്‍ന്ന് ആവശ്യപ്പെട്ടിരുന്നു.