ബംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ കബളിപ്പിച്ച് പണം തട്ടുന്നതും മറ്റും പതിവു കാഴ്ചയാണ്. എന്നാല്‍ അതില്‍ ഒരു രാഷ്ട്രീയ നേതാവു കൂടി ഇരയായി മാറിയരിക്കുകയാണ്. ഫേസ്ബുക്കില്‍ നിന്നും പരിചയപ്പെട്ട യുവതി നേതാവിന്റെ കൈയ്യില്‍ നിന്നും ഒന്‍പത് ലക്ഷത്തോളമാണ് തട്ടിയെടുത്തത്. നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു.
ജനതാദള്‍-എസ് നേതാവില്‍ നിന്നാണ് യുവതി ഒമ്പതു ലക്ഷം തട്ടിയത്. തികലരപ്പാളയ സ്വദേശിനിയായ ഹരിണി (25), സഹായികളായ രവി പെങ്കപ്പ (40), വി പ്രകാശ് (39) എന്നിവരെയാണ് ജ്ഞാനഭാരതി പോലീസ് അറസ്റ്റുചെയ്തത്. ഇവരില്‍നിന്ന് നാലുലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. സെപ്തംബര്‍ 20-നാണ് നാഗര്‍ഭാവി സ്വദേശിയായ എല്‍ ശ്രീനിവാസ് കബളിപ്പിക്കപ്പെട്ടതായി പരാതിനല്‍കിയത്.
ഒരുമാസംമുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഹരിണി നൃത്താധ്യാപികയാണെന്നാണ് പരിചയപ്പെടുത്തിയത്. ഉത്സവദിനങ്ങളില്‍ ആശംസകള്‍ കൈമാറിയാണ് ഇവര്‍ സൗഹൃദം നിലനിര്‍ത്തിയത്. തുടര്‍ന്ന് ഒരു നൃത്തവിദ്യാലയം തുടങ്ങാനിരിക്കുകയാണെന്നും രണ്ടുകോടി രൂപയാണ് ചെലവെന്നും ഹരിണി ശ്രീനിവാസിനെ വിശ്വസിപ്പിച്ചു. പിന്നീട് ഫോണില്‍ ബന്ധപ്പെട്ട യുവതി രണ്ടുകോടി രൂപ പിതാവ് സംഘടിപ്പിച്ചുണ്ടെന്നും ഉടന്‍ നൃത്തവിദ്യാലയം തുടങ്ങുമെന്നും അറിയിച്ചു.
ദിവസങ്ങള്‍ക്കുശേഷം കെട്ടിടം വാടകയ്ക്കെടുക്കാന്‍ കുറച്ചു പണത്തിന്റെ കുറവുണ്ടെന്നും മൂന്നുലക്ഷം രൂപ കടം തരണമെന്നും യുവതി ആവശ്യപ്പെട്ടു. പണത്തിനായി ആളെ അയക്കാമെന്നും അറിയിച്ചു. ബെംഗളൂരു യൂണിവേഴ്സിറ്റി കാമ്പസില്‍വെച്ച് യുവതി ആവശ്യപ്പെട്ടതനുസരിച്ച് 2.7 ലക്ഷം രൂപ കൈമാറി. ഒരാഴ്ചയ്ക്കുശേഷം ഇനിയും അത്യാവശ്യമുണ്ടെന്നും മുഴുവന്‍ തുകയും ഒന്നിച്ച് തിരികെത്തരാമെന്നും പറഞ്ഞ് ആറുലക്ഷം രൂപകൂടി യുവതി വാങ്ങി. പിന്നീടുള്ള ദിവസങ്ങളില്‍ യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
ഇതോടെ കബളിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ശ്രീനിവാസ് പോലീസില്‍ പരാതിനല്‍കുകയായിരുന്നു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയും കൂട്ടാളികളും അറസ്റ്റിലായത്. സ്വാതി, സ്വാതി ഗൗഡ, ഖുശി തുടങ്ങിയ പേരുകളില്‍ ഹരിണി ഫെയ്സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയിരുന്നതായി പോലീസ് കണ്ടെത്തി.