ന്യൂഡല്‍ഹി: ഗോരക്ഷാസമിതിക്കാര്‍ തല്ലിക്കൊന്ന പെഹ്ലുഖാന്റെ മക്കളെയും അഭിഭാഷകനെയും കേസിലെ സാക്ഷികളെയും വെടിവച്ചു കൊല്ലാന്‍ ശ്രമം. രാജസ്ഥാനിലെ അല്‍വാറിലെ ദേശീയപാതയില്‍ ശനിയാഴ്ച രാവിലെയായിരുന്നു ആക്രമണം.
രാജസ്ഥാനില്‍നിന്ന് പശുക്കളെ വാങ്ങി ഹരിയാനയിലേക്ക് പോകുന്നതിനിടെ കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനാണ് ഗോരക്ഷാ സേന പെഹ്ലുഖാനെ തല്ലിക്കൊന്നത്.
പെഹ്ലുഖാന് കൊലപാതക കേസില്‍ മൊഴി കൊടുക്കാന്‍ പോകുമ്പോഴാണ് അദ്ദേഹത്തിന്റെ മക്കളായ ഇര്‍ഷാദ്, ആരിഫ് സാക്ഷികളായ അസ്മാത്, റഫീഖ്, അഭിഭാഷകനായ ആസാദ് ഹയാത്എന്നിവര് സഞ്ചരിച്ചിരുന്ന കാറിനുനേരെ അജ്ഞാതസംഘം വെടിയുതിര്‍ത്തത്.
യാത്രയ്ക്കിടെ നമ്പര്‍പ്ലേറ്റില്ലാത്ത കറുത്ത സ്കോര്‍പിയോ കാറിലെത്തിയ സംഘം തങ്ങള്‍ സഞ്ചരിച്ച വാഹനത്തെ മറികടന്നശേഷം വെടിയുതിര്‍ക്കുകയായിരുന്നെന്ന് ആസാദ് ഹയാതും
വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട സംഘം അസഭ്യം പറഞ്ഞതായി ഇര്‍ഷാദും പറഞ്ഞു.വെടിയുതിര്‍ക്കുന്നതിനിടെ ഡ്രൈവര്‍ വാഹനം തിരിച്ചുവിട്ടതിനാലാണ് രക്ഷപ്പെട്ടത്. അല്‍വാര്‍ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയതായി ആസാദ് ഹയാത് പറഞ്ഞു.