ലഖ്നൗ: കാര്‍ നിര്‍ത്തിയില്ലെന്നാരോപിച്ച് പോലീസ് അരുംകൊല ചെയ്ത സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി കൊല്ലപ്പെട് യുവാവിന്റെ ഭാര്യാ സഹോദരന് വിഷ്ണു. ആപ്പിള്‍ സെയില്‍സ് എക്സിക്യൂട്ടീവായ വിവേക് തീവാരിയുടെ കൊലപാതകത്തിന് യോഗി സര്‍ക്കാര്‍ മറുപടി പറയണം, അല്ലാത്ത പക്ഷം മൃതദേഹം നീക്കില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംശയത്തിന്റെ പേരില്‍ കൊന്നു തള്ളാന്‍ ഇത് കാശ്മീരല്ല ഉത്തര്‍പ്രദേശാണെന്നും യോഗിയെ വിഷ്ണു ഓര്‍മ്മിപ്പിച്ചു.
യോഗി ആദിത്യനാഥ് തങ്ങളുടെ വീട്ടില്‍ വരണമെന്നാണ് വിഷ്ണു ഉയര്‍ത്തുന്നത്. കാര്യങ്ങള്‍ ലളിതമാണ്. ഞങ്ങള്‍ യോഗിജിയെ തെരഞ്ഞെടുത്തു. രാജ്യത്തിന് ക്രമസമാധാനം പാലിക്കാന്‍ ഞങ്ങളാലാവുന്നത് ചെയ്തു. എന്റെ സഹോദരീ ഭര്‍ത്താവ് കൊല്ലപ്പെട്ടിരിക്കുകയാണ്. സഹോദരിയുടെ ജീവിതം ഇരുട്ടിലായിരിക്കുകയാണ്. അവര്‍ എന്റെ സഹോദരീ ഭര്‍ത്താവിനെതിരെ അവര്‍ ആരോപണമുന്നയിക്കുകയാണ്. ആ ആരോപണം ശരിയാണെങ്കില്‍ അതിന്റെ പേരില്‍ ഒരു പൗരനെ കൊല്ലാന്‍ ആരാണ് അധികാരം തന്നത്?’ എന്നും അദ്ദേഹം തുറന്നടിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് വിവേക് തിവാരി പോലീസിന്റെ വെടിയേറ്റ് മരിച്ചത്. പോലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താത്തതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് ന്യായവാദം. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകയായ സ്ത്രീയ്ക്കൊപ്പം വീട്ടിലേക്കു തിരിക്കുകയായിരുന്നു അദ്ദേഹം. സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനു തയ്യാറാവാതിരുന്നതോടെയാണ് തീവാരിയ്ക്കു നേരെ വെടിയുതിര്‍ത്തത്.