ഹൈദരാബാദ്: മുടി കെട്ടിവെച്ചത് ശരിയായിയില്ലെന്നാരോപിച്ച് നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപിക. മുടി പിന്നിയിടാന്‍ നിര്‍ദേശം നല്‍കിയെങ്കിലും മുടിയ്ക്ക് നീളം കുറവായതിനാല്‍ കുട്ടിയുടെ അമ്മ പോണിടെയില്‍ സ്റ്റൈലില്‍ കെട്ടി വിടുകയായിരുന്നു.
എന്നാല്‍ പറഞ്ഞതനുസരിച്ചില്ലെന്നാരോപിച്ച് അധ്യാപിക വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കൈകൊണ്ടുള്ള മര്‍ദ്ദനത്തില്‍ കുട്ടിയുടെ മുഖത്തുള്‍പ്പെടെ പാടുകളുണ്ട്. ഇതു കണ്ട് വീട്ടുകാര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് അധ്യാപികയുടെ ക്രൂരത വെളിപ്പെടുന്നത്. അധ്യാപികയ്ക്കെതിരെ സ്കൂള്‍ അധികൃതര്‍ക്കും പോലീസ് കമ്മീഷണര്‍ക്കും പരാതി നല്കി.
ടീച്ചറെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കുട്ടികളെ കൈ കൊണ്ട് മര്‍ദിക്കരുതെന്ന് ടീച്ചര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്കിയിട്ടുള്ളതാണെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. തന്റെ കുഞ്ഞിന്റെ ശരീരത്തില്‍ ഇത്രയേറെ പാടുകള്‍ വരണമെങ്കില്‍ ശക്തമായി മര്‍ദിച്ചിട്ടുണ്ടെന്നും ശരീരത്തിനുള്ളില്‍ കാര്യമായ പരിക്കുകള്‍ ഏറ്റിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അമ്മ പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തകരും അധ്യാപികയ്ക്കെതിരെ രംഗത്തെത്തി.