അമൃത്സര്‍: യുവതിയെ ജീപ്പിന് മുകളില്‍ കെട്ടിവച്ച് പോലീസിന്റെ ക്രൂരത. ഭര്‍ത്താവിനെ അകാരണമായി കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനെ യുവതി തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു പോലീസിന്റെ ക്രൂരത.
സ്ത്രീയെ ഉപദ്രവിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്
വ്യാപക പ്രതിഷേധം. അമൃത്സറിലെ ഷെഹ്സാദയില് റോഡ് ഉപരോധിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
ഭര്‍ത്താവിനെ കൂട്ടിക്കൊണ്ട് പോകുന്നത് തടഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് യുവതിയെ ജീപ്പിന് മുകളില്‍ കെട്ടിവച്ചത്. ചവിന്തദേവി പ്രദേശത്തുള്ള യുവതിയുടെ വീട്ടില്‍ ഭര്‍തൃപിതാവിനെ അന്വേഷിച്ചാണ് പോലീസ് എത്തിയത്. സ്വത്ത് തര്‍ക്ക് കേസിന്റെ ഭാഗമായിട്ടായിരുന്നു പോലീസെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ പോലീസ് എത്തിയ സമയം വീട്ടില്‍ ഭര്‍തൃപിതാവ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ട് പോകാന്‍ പോലീസ് ശ്രമിച്ചു. ഇതിനെ യുവതി ശക്തമായി എതിര്‍ത്തതോടെയാണ് പോലീസ് ക്രൂരമായി യുവതിയെ ശിക്ഷിച്ചതെന്നാണ് വിവരം.
യുവതിയുടെ പെരുമാറ്റത്തില്‍ പ്രകോപിതരായ പഞ്ചാബ് പോലീസ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ യുവതിയെ ജീപ്പിന് മുകളില്‍ കെട്ടിവെച്ച് നഗരം വലംവയ്ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് ക്രൂരത പുറം ലോകം അറിഞ്ഞത്.
ഒരു വളവ് വേഗത്തില്‍ വളയുമ്പോള്‍ ജീപ്പില്‍ നിന്നും യുവതി തെറിച്ച് വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ജീപ്പിന്റെ മുകളില്‍ നിന്നും താഴെവീണ് യുവതിയുടെ തലയ്ക്ക് ഗുരുതരമായ പരുക്ക് പറ്റിയിട്ടുണ്ടെന്നാണ് സൂചന. യുവതിയെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
യുവതിയുടെ വീട്ടിലെത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.