ചെന്നൈ: അമിത വണ്ണത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമീപവാസികളില്‍ നിന്നും, സ്വന്തം കുടുംബക്കാരില്‍ നിന്നുമുള്ള അവഗണനയാണ് ഹൃദയത്തില്‍ തട്ടുന്നത്. അങ്ങനെ വേദന അനുഭവിച്ചവരില്‍ ഒരാളാണ് ബോഡി ബില്‍ഡിംഗില്‍ ഇന്ന് ചാമ്പ്യനായ റൂബി. ഏവരും തടിയെ പരിഹസിച്ചപ്പോഴും റൂബി പിടിച്ചു നിന്നു. പക്ഷേ തകര്‍ന്നത് സ്വന്തം ഇയുടെ വാക്കുകളിലായിരുന്നു. ആ ചിന്തയാണ് ഇന്ന് റൂബിയെ ചാമ്പ്യനാക്കിയത്. ആരെയും വിസ്മയിപ്പിക്കുന്ന വിജയഗാഥയാണ് റൂബിയുടേത്.
തടിവെച്ചതോടെ എനിക്ക് നിന്നിലുള്ള താത്പര്യം നഷ്ടപ്പെട്ടെന്നായിരുന്നു ഭര്‍ത്താവിന്റെ തുറന്നു പറച്ചില്. ഇതോടെ എങ്ങനേയും ശരീരം ശ്രദ്ധിക്കണമെന്നായി പിന്നെ. കിട്ടാവുന്ന ആരോഗ്യമാസികകള്‍ എല്ലാം വായിച്ച് തടികുറക്കാനുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞു. നടത്തമാണ് നല്ലതെന്ന് കണ്ട് നിത്യവും കിലോമീറ്ററുകളോളം നടക്കാനും തുടങ്ങി. നാലുമാസങ്ങള്‍ക്കുള്ളില്‍ 75 കിലോയില്‍ നിന്നും 50 കിലോയായി ചുരുങ്ങി. എന്നാല്‍ ജീവിതത്തില്‍ മകന് എത്തിയതോടെ നടക്കാന്‍ കൃത്യമായി സമയം കണ്ടെത്താനായില്ല. വിചാരിച്ചപോലെ തടിയും കുറക്കാന്‍ കഴിയാതായി.
അങ്ങനെയാണ് ആദ്യം ജിമ്മില്‍ പോകുന്നത്. ഇടയിലെ പ്പോഴോ ഫിറ്റ്നെസ്സ് റൂബിയുടെ മനസ്സില്‍ ആഴത്തില്‍ വേരുപിടിച്ചു. ആരോഗ്യമുള്ള ശരീരം എന്നതിനപ്പുറത്തേയ്ക്ക് ബോഡി ബില്‍ഡിംഗ് എന്ന വലിയൊരു ലക്ഷ്യത്തിലേക്കായി റൂബിയുടെ പിന്നീടുള്ള യാത്ര. തടികുറയ്ക്കണമെന്നാവശ്യപ്പെട്ട ഭര്‍ത്താവില്‍ നിന്ന് യാതൊരു പിന്തുണയും റൂബിക്കുണ്ടായില്ല. പക്ഷേ മുന്നോട്ട് വെച്ച കാല് പിറകോട്ടില്ലെന്ന നിലപാടായിരുന്നു റൂബിക്ക്. ചെന്നൈ സ്വദേശിയായ റൂബി ബോഡി ബില്‍ഡിങ്ങില്‍ ദേശീയ മെഡല്‍ കരസ്ഥമാക്കി രാജ്യത്തെമ്പാടുമുള്ള സ്ത്രീകള്‍ക്ക് മാതൃകയായിരിക്കുകയാണ്.
അസമില്‍ നിന്ന് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയകിരീടമണിഞ്ഞു. ചെന്നൈ മിസ് ഫിറ്റിനെസ്സ് കിരീടം സ്വന്തമാക്കി. ന്യൂട്രീഷന്‍ ഫാക്ടറി നടത്തുന്ന കാര്‍ത്തിക്കായിരുന്നു റൂബിയുടെ പരിശീലകന്. കഠിനാധ്വാനിയാണ് റൂബിയെന്നാണ് കാര്‍ത്തിക് പറയുന്നത്. ‘നൂറിലേറെ സ്ത്രീകളെ ഞാന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ തന്നെ പലരുടേയും താത്പര്യം നഷ്ടപ്പെടും. എന്നാല്‍ റൂബി അങ്ങനെ ആയിരുന്നില്ല. ഒരു വര്‍ഷം സമയമാണ് ഞാന്‍ നല്‍കിയത്. ആറുമാസം കൊണ്ട് റൂബി എനിക്ക് വിജയം സമ്മാനിച്ചു.’ കാര്‍ത്തിക് പറയുന്നു.